police

കണ്ണൂർ: സേനാംഗങ്ങൾ നേരിടുന്ന പീഡനങ്ങൾക്കെതിരെ സംഘടനാ നേതൃത്വം ഇടപെടണമെന്ന് കണ്ണൂരിൽ സമാപിച്ച കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് അംഗങ്ങൾ ഇക്കാര്യമുന്നയിച്ചത്. ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മാദ്ധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ പൊലീസ് വലിയ പഴി കേട്ടു. സേനയിലെ ഒരു വിഭാഗത്തിന്റെ നെറികേടുകൾക്ക് മുഴുവൻ പേരും പഴി കേൾക്കുകയാണ്. പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സംഘടനാ നേതാക്കളുടെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടാകണം.

തൊഴിലിടങ്ങളിലെ മാനസിക പീഡനം കാരണം ജീവൻ നഷ്ടപ്പെടുത്താതിരിക്കാൻ സംഘടന അതീവ ജാഗ്രതയോടെ പ്രവർത്തിക്കണം.

തൊഴിൽപരമായ കാര്യങ്ങൾ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സാഹചര്യങ്ങൾ പരിശോധിച്ച് പരിഹരിക്കണമെന്നും പ്രതിനിധികൾ പറഞ്ഞു.

ചില മേലുദ്യോഗസ്ഥരുടെ അമിതാധികാര പ്രവണത പൊലീസുദ്യോഗസ്ഥരെ കൂടുതൽ മാനസിക സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടുന്നുണ്ടെന്നും അംഗങ്ങൾ പറഞ്ഞു.