വെള്ളത്തിൽ വഴുതി വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവം
വെള്ളം പ്ലാറ്റ് ഫോമിനകത്തെത്തുന്നത് മേൽക്കൂര നീട്ടിപ്പണിതതിലെ അപാകതമൂലം
കാഞ്ഞങ്ങാട്: എ ഗ്രേഡ് റെയിൽവെ സ്‌റ്റേഷനാണെങ്കിലും കാഞ്ഞങ്ങാട്ട് പരിമിതികളും പരാതികളും ഒട്ടും കുറവല്ല. നിലവിൽ മഴ പെയ്തപ്പോൾ യാത്രക്കാർ കുടപിടിച്ച് പ്ലാറ്റ്‌ഫോമിലിരിക്കേണ്ട സ്ഥിതിയാണ്. കൂടാതെ മിനുസമായ തറയിലെ വെള്ളത്തിൽ വഴുതി വീണ് നിരവധി പേർക്ക് നിസാര പരിക്കേൽക്കുന്നതും പതിവായി.
മേൽക്കൂര നീട്ടിപ്പണിതതിലെ അപാകതമൂലമാണ് വെള്ളം പ്ലാറ്റ് ഫോമിനകത്തെത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രണ്ടാം പ്ലാറ്റ്ഫോറത്തിന്റെ മേൽക്കൂരയിലെ ഓവിൽ നിന്നാണ് പ്ലാറ്റ് ഫോറത്തിൽ വെള്ളം വീഴുന്നത്. പ്ലാറ്റ് ഫോറത്തിന്റെ രണ്ടു ഭാഗങ്ങളിലായി നിർമ്മിച്ച മേൽക്കൂരയ്ക്കിടയിലൂടെയാണ് വെള്ളം എത്തുന്നത്. ഇതിനു തൊട്ടടുത്തായി നിർമ്മിച്ച മേൽക്കൂരയും ഇതേ അവസ്ഥയിലാണ്.
കഴിഞ്ഞദിവസം പ്ളാറ്റ്ഫോമിലെ വെള്ളത്തിൽ കാൽ വഴുതിവീണത് നാലു പേരാണ്. എഗ്മോർ എക്‌സ്പ്രസ് നിർത്തിയിട്ടപ്പോൾ അതിൽ കയറാൻ ഓടുന്നതിനിടയിലൂടെയായിരുന്നു ഇവർ വീണത്. മൂന്നരയ്ക്കുള്ള തിരുവനന്തപുരം എക്‌സ്പ്രസിൽ കയറാനുള്ള ശ്രമത്തിനിടയിൽ ഒരു സ്ത്രീയും വഴുതിവീണു. ഭാഗ്യം കൊണ്ടു മാത്രമാണ് വലിയ അപകടങ്ങൾ ഒഴിവാകുന്നത്.
വികസനത്തിന്റെ പേരിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമാകാത്തതിൽ പരക്കെ പ്രതിഷേധമുണ്ട്. പ്ളാറ്റ്ഫോമിന്റെ ദുരവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് റെയിൽവെ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം കേരളകൗമുദിയോട് പറഞ്ഞു.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന പ്ലാറ്റ് ഫോറം ചോർന്നൊലിക്കുന്ന സ്ഥിതി അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. രണ്ടുഭാഗത്തെയും പ്ലാറ്റ് ഫോമുകൾക്ക് കുറ്റമറ്റരീതിയിൽ മേൽക്കൂര നിർമ്മിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടതാണ്.
ടി. മുഹമ്മദ് അസ്ലം, റെയിൽവെ പാസഞ്ചേഴ്‌സ് അസോ.ജില്ലാ പ്രസിഡന്റ്