തലശ്ശേരി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ തലശ്ശേരി മേഖലയിൽ റെയിൽ പാളത്തിൽ രണ്ടിടങ്ങളിലായി വിള്ളലുകൾ കണ്ടെത്തിയത് റെയിൽവെ അധികൃതരെ അമ്പരപ്പിച്ചു. ഈ വിള്ളലുകളാവട്ടെ വഴിയാത്രക്കാരാണ് കണ്ടു പിടിച്ചത്. ഉയർന്ന ചൂടിന് പിറകെ വന്ന കനത്ത മഴയും ,ഇടക്കിടെ മാറി ക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് റെയിലിൽ റെയിൽ പാളങ്ങളുടെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.തുടർച്ചയായി പെയ്യുന്ന മഴയിൽ ഭൂമിയുടെ മേൽ മണ്ണ് താഴുന്നതിനാൽ പാളത്തിന്റെ നിലനിൽപിലും നേരിയ തോതിൽ ഇളക്കം സ്വാഭാവികമാണ്. ഏറെ ഭാരമുള്ള തീവണ്ടികൾ ഇടവിട്ട് കുതിക്കുമ്പോൾ രണ്ട് റെയിലുകൾക്കിടയിലെ വിള്ളലുകൾക്കും അകലം കൂടുന്നത് സ്വാഭാവികമാണെന്ന് റെയിൽവെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ബന്ധപ്പെട്ട കീമാൻമാരോട് കൂടുതൽ ജാഗ്രത പുലർത്താൻ മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് മാസങ്ങൾക്കുള്ളിൽ തലശ്ശേരിയിലെ രണ്ട് സ്ഥലങ്ങളിലാണ് പാളത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിരുന്നത്. രണ്ട് സംഭവങ്ങളും ഉദ്യോഗസ്ഥരെ അറിയിച്ചത് വഴിയാത്രക്കാരാണ്. ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഒന്നാമത്തെത്.തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഒന്നാം നമ്പർ ട്രാക്കിലൂടെ ജമ്മു താവി എക്‌സ്പ്രസ് കടന്നുപോയ ഉടനെയാണ് പാളത്തിൽ അനുഭവപ്പെട്ട ശബ്ദ വ്യത്യാസംധർമ്മടം ബ്രണ്ണൻ കോളേജിനടുത്ത വടക്കൻ കോവിൽ പ്രദീപന്റെ ശ്രദ്ധയിൽ പെട്ടത്.വിവരം റെയിൽവെ ഉദ്യോഗസ്ഥരെ അറിയിച്ചു. അവർ നടത്തിയ പരിശോധനയിൽ പാളത്തിലെ വിള്ളൽ കണ്ടെത്തി. തുടർന്ന് തീവണ്ടികളെ അടുത്ത ട്രാക്കിലൂടെ കടത്തിവിട്ട് അറ്റകുറ്റപണി നടത്തുകയായിരുന്നു. ഇന്നലെ ടെമ്പിൾ ഗേറ്റ് റെയിൽവെ സ്റ്റേഷന് തൊട്ടടുത്തും സമാന വിള്ളൽ കണ്ടെത്തിയിരുന്നു. സമീപവാസിയായ ഓടക്കായി കുന്നിലെ കാർത്തികയിൽ കെ.അരവിന്ദാക്ഷനാണ് സ്റ്റേഷൻമാസ്റ്ററെ വിവരമറിയിച്ചത്. അപ്പോൾ അത് വഴി കടന്നു വരേണ്ടുന്ന വണ്ടി പുന്നോൽ ഗേററിൽ തടയാൻ സിഗ്‌നൽ നൽകുകയായിരുന്നു. പിന്നീട് മെക്കാനിക്കൽ ജോലിക്കാരെ എത്തിച്ച് അറ്റകുറ്റപണി ചെയ്താണ് കണ്ണൂർ ഭാഗത്തേക്കുള്ള പാളത്തിലൂടെ തീവണ്ടി ഗതാഗതം അനുവദിച്ചത്. ഇതേ തുടർന്ന് നാലോളം വണ്ടികൾ ഒരു മണിക്കൂറിലേറെ വൈകി.