ചെറുവത്തൂർ: മടക്കര മത്സ്യ ബന്ധന തുറമുഖത്ത് ഇന്നലെയും രണ്ടു ഫിഷിംഗ് ബോട്ടുകൾ മണൽതിട്ടയിൽ കുരുങ്ങി അപകടത്തിലായി. ഇന്നലെ പുലർച്ചെ കടലിലേക്ക് പുറപ്പെട്ട ദുർഗ്ഗാ ഗണേഷ്, ശ്യാം എന്നീ ബോട്ടുകളാണ് ബോട്ടു ചാനലിൽ അടിഞ്ഞുകൂടിയ മണൽതിട്ടയിൽ തട്ടി നിന്നത്.

മടക്കര തുറമുഖത്ത് നിന്നും പുലിമുട്ട് വഴി മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികൾക്ക്, ബോട്ട് ചാലുകളിൽ രൂപപ്പെടുന്ന മണൽതിട്ടകൾ ഏറെ പ്രതിബന്ധങ്ങൾ തീർക്കുകയാണ്. ഇതു മൂലം ടോളിംഗ് നിരോധനം കഴിഞ്ഞിട്ട് മാസം കഴിഞ്ഞിട്ടും യഥേഷ്ടം കടലിൽ പോകാൻ കഴിയാതെ നിരവധി ബോട്ടുകൾ കരയിൽ കെട്ടിയിരിക്കയാണ്. മടക്കര കേന്ദ്രീകരിച്ച് മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന നൂറോളം ബോട്ടുകളിൽ പത്തോളം ചെറിയ യാനങ്ങൾ മാത്രമാണ് കടലിൽ പോകുന്നത്.

രണ്ടാഴ്ച്ച മുമ്പ് ഒരു ബോട്ട് അപകടത്തിൽ പെട്ടപ്പോൾ സ്ഥലം എം.എൽ.എ.രാാജഗോപാലനും, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയറും അടങ്ങുന്ന സംഘം തുറമുഖത്തെത്തുകയും താൽക്കാലിക പരിഹാരമെന്ന നിലയിൽ ബോട്ടുകൾക്ക് കടലിൽ പോയി വരാനുള്ളള സംവിധാനമൊരുക്കണമെന്ന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. അത് പ്രകാരമുള്ള ചാലിലെ മണൽ നീക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും അത് നിർത്തിവെക്കാനുള്ള നിർദ്ദേശം നൽകിയതായാണ് അറിയുന്നത്.

മണൽതിട്ട നീക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സർക്കാരിന്റെ നിയമപരമായ നടപടികളും നൂലാമാലകളുമൊക്കെ തീർന്നു വരമ്പോഴേക്കും ഈ വർഷത്തെ മൺസൂൺ സീസൺ അവസാനിക്കുമെന്നാണ് മത്സ്യതൊഴിലാളികൾ ആശങ്കപ്പെടുന്നത്.


മടക്കര തുറമുഖത്തിന് സമീപം മണൽതിട്ടയിൽ തട്ടി അപകടത്തിലായ ബോട്ടുകൾ