ഇരിട്ടി : കർണ്ണാടക വനം വകുപ്പിന്റെ തടസവാദങ്ങൾ കാരണം ഒന്നര വർഷമായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന കൂട്ടുപുഴ പുതിയ പാലത്തിനുള്ള നിർമ്മാണ അനുമതി 15 ദിവസത്തിനുള്ളിൽ ലഭ്യമാകുമെന്ന് വീരാജ്‌പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യ പറഞ്ഞു. തകർന്നു കിടക്കുന്നതും വലിയ വാഹനങ്ങൾക്ക് യാത്രാ നിരോധനവുമുള്ള കൂട്ടുപുഴ വീരാജ്‌പേട്ട റോഡിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച കർണ്ണാടക ആർ ടി സി യുടെ മിനി ബസ് സർവീസിൽ ആദ്യ യാത്രകാരനായി എത്തിയതായിരുന്നു മുൻ ബി ജെ പി ഗവർമ്മെന്റിലെ സ്പീക്കർ കൂടിയായിരുന്ന എം എൽ എ.
തലശ്ശേരി വളവുപാറ കെ എസ് ടി പി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഏഴുപാലങ്ങളിൽ ഒന്നാണ് കേരളാ കർണ്ണാടക അതിർത്തിയിൽ സ്ഥിതിചെയ്യുന്ന കൂട്ടുപുഴ പാലം. പാലത്തിന്റെ ഇരു കരകളും കേരളത്തിന്റെ ഭാഗമാണെങ്കിലും കൂട്ടുപുഴ ഭാഗത്തെ പാലം പണി ഏതാണ്ട് പൂർത്തിയായി. എന്നാൽ കർണാടകത്തിന്റെ ഭാഗത്തെ പൈലിംഗ് പ്രവൃത്തിക്കായി കുഴിയെടുക്കാൻ തുടങ്ങിയതോടെയാണ് കർണ്ണാടക വനം വന്യജീവി വകുപ്പ് പാലം നിർമ്മിക്കുന്നത് തങ്ങളുടെ അധീനതയിൽ ഉള്ള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെട്ട സ്ഥലമാണെന്നും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കുകയുമില്ലെന്നുമുള്ള വാദവുമായി എത്തിയത് . ഇത് സംബന്ധിച്ച് ഇവർ കെ എസ് ടി പിക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. 2017 ഡിസംബർ 28 മുതൽ ഒന്നര വർഷത്തിലേറെയായി ഈ പാലത്തിന്റെ നിർമ്മാണം തടസപ്പെട്ടു കിടക്കുകയാണ്.
മുഖ്യമന്ത്രി അദ്ധ്യക്ഷനായ കർണ്ണാടക വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതിയാണ് ഇനി അന്തിമമായി വേണ്ടത്. ഈ യോഗം പതിനഞ്ച് ദിവസത്തിനുള്ളിൽ നടക്കും. ഈ യോഗത്തിൽ പാലം നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുമെന്നും ഉടൻ തന്നെ നിർമ്മാണ പ്രവൃത്തികൾ തുടരാനാകുമെന്നും എം എൽ എ കെ.ജി. ബൊപ്പയ്യ ഉറപ്പുനൽകി.

കൂട്ടുപുഴയിൽ എത്തിയ വീരാജ് പേട്ട എം എൽ എ കെ ജി. ബൊപ്പയ്യയും സംഘവും നാട്ടുകാരുമായി സംസാരിക്കുന്നു