കണ്ണൂർ:വിദേശരാജ്യങ്ങളിലടക്കം ഏറെ സാദ്ധ്യതകളുള്ള ഹൈജീനിസ്റ്റ് കോഴ്സുകളിൽ സംസ്ഥാനത്തുള്ളത് ഡിപ്ളോമ കോഴ്സ് മാത്രം. യു.കെ, യു.എസ്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, യു.എ.ഇ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ഉയർന്ന ശമ്പളം ലഭിക്കുമ്പോഴാണ് സർക്കാർ ദന്തൽ കോളേജുകളിൽ ബാച്ചിലർ, പി.ജി കോഴ്‌സുകൾ തുടങ്ങുന്നതിനോ,അപേക്ഷ നൽകിയ സ്വകാര്യദന്തൽ കോളേജുകൾക്ക് അനുമതി നൽകാതെയും സർക്കാരിന്റെ ഉടക്ക്.
കേരളത്തിലെ അഞ്ച് സർക്കാർ ദന്തൽ കോളേജുകളിൽ തിരുവനന്തപുരത്ത് മാത്രമാണ് ഈ കോഴ്സിനായി പത്ത് സീറ്റുള്ളത്. അതേസമയം സ്വകാര്യ ദന്തൽ കോളേജുകളിൽ ഹൈജീനിസ്റ്റ് കോഴ്‌സ് ആരംഭിക്കാൻ അനുമതി കിട്ടിയിട്ടില്ല. അതേസമയം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കഴിഞ്ഞ വർഷം ബാച്ചിലർ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്.
കാലഹരണപ്പെട്ട ഡിപ്ലോമ കോഴ്സ് മാത്രം നടത്തുന്നതാണ് വിദേശ രാജ്യങ്ങളിലടക്കമുള്ള തൊഴിലവസരം നഷ്ടപ്പെടുത്താൻ കാരണം. ദ്വിവത്സര ഹൈജീനിസ്റ്റ് കോഴ്‌സിന്റെ കരിക്കുലം പരിഷ്‌കരിക്കാൻ ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യ മടിക്കുന്നതും ആക്ഷേപത്തിന് കാരണമാകുന്നു.
ആരോഗ്യ സർവകലാശാലയുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ ,സ്വകാര്യ ദന്തൽ കോളേജുകളിലും ബാച്ചിലർ ദന്തൽ ഹൈജീനിസ്റ്റ് കോഴ്‌സ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്ത് 700 താഴെ ദന്തൽ ഹൈജീനിസ്റ്റുകളേയുള്ളൂ. ഇതോടെ സ്വാശ്രയ ദന്തൽ കോളേജിലുൾപ്പെടെ യോഗ്യതയുള്ളവരെ കിട്ടാത്ത അവസ്ഥയുണ്ട്.
ദന്തരോഗ പ്രതിരോധവും പല്ല് ക്ലിനിംഗ് ഉൾപ്പെടെയുള്ള ചികിത്സകളുമാണ് ദന്തൽ ഹൈജീനിസ്റ്റുകളുടെ ചുമതല.
''ദന്തൽ ഹൈജീനിസ്റ്റ് കോഴ്‌സ് എയിംസ് മാതൃകയിൽ ബാച്ചിലർ കോഴ്‌സാക്കണം. തിരുവനന്തപുരം ഗവ. ദന്തൽ കോളേജിലേ ഇപ്പോൾ ഡിപ്ലോമ ഇൻ ദന്തൽ ഹൈജീൻ കോഴ്‌സുള്ളൂ. ഇതടക്കം മറ്റ് സർക്കാർ ദന്തൽ കോളേജുകളിലും ബാച്ചിലർ കോഴ്‌സ് ആരംഭിക്കണം.
അജയ് കുമാർ കരിവെള്ളൂർ (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ഗവ. ദന്തൽ ഹൈജീനിസ്റ്റ് അസോസിയേഷൻ)