food-

കണ്ണൂർ: ഓണക്കാലത്തെ ഡിമാന്റ് കണക്കിലെടുത്ത് മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തി തുടങ്ങി. ഇത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനയുമായി രംഗത്തെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണം സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ശർക്കര, ഉപ്പേരി, ചിപ്സ്, പായസം മിക്സ്, നെയ്യ്, വെളിച്ചെണ്ണ എന്നിവയിലൊക്കെ മായം കലർത്തി വിൽപ്പനയ്ക്ക് എത്തിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ എം. മോനി പറഞ്ഞു. ഓണക്കാലം മുഴുവൻ പ്രത്യേക പരിശോധന നടത്തി മായം കലർത്തിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്നത്.

കഴിഞ്ഞ ജനുവരിയിൽ തമിഴ്നാട്,​ കർണാടക മേഖലയിൽ നിന്നും കണ്ണൂരിലെത്തിയ ശർക്കരയിൽ മാരക രാസവസ്തുവായ റോഡമിൻ​ ബിയുടെ അംശം പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഏതാനും കമ്പനികൾക്ക് നോട്ടീസ് നല്കിയിരുന്നു. ഇതര ജില്ലകളിലും ഈ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. എന്നാൽ, ഇപ്പോഴും ശർക്കരയിൽ മായം കലരുന്നുവെന്ന കണ്ടെത്തൽ ഗുരുതരമാണ്. സിന്തറ്റിക് കളറടക്കം ചേർക്കുന്നതാണ് ശർക്കരയിൽ കാണുന്ന പ്രശ്നം. വെളിച്ചെണ്ണയിലെ മായത്തിനെതിരെയും ശക്തമായ നടപടി ഭക്ഷ്യസുരക്ഷാ വിഭാഗം നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ, വെളിച്ചെണ്ണയിൽ ചില കേന്ദ്രങ്ങൾ പത്ത് ശതമാനം വരെ മായം ചേർക്കുന്നതായാണ് ഇപ്പോഴുള്ള കണ്ടെത്തൽ. മലയോര മേഖലയിലും മറ്റും ഇത്തരം വെളിച്ചെണ്ണകൾ വിറ്റഴിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം പറയുന്നു. പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ ഗുണമേന്മയില്ലാത്ത പാൽ കടത്തിയ ടാങ്കർ, ഡയറി ഡവലപ്മെന്റ് വിഭാഗം പിടിച്ചെടുത്തിരുന്നു. പയ്യന്നൂരിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയായിരുന്നു ഇത്.

അതേസമയം, കൃത്യമായ പരിശോധനകളില്ലാത്തതും ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ പ്രവണത കൂടുന്നതിന് കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത പ്രശ്നം ഈ ഓണക്കാലത്തെ പരിശോധനകളെയും ബാധിക്കുന്നു. ഒരു നിയമസഭാ മണ്ഡലം പരിധിയിൽ ഒരു ഫുഡ് സേഫ്റ്റി ഓഫീസർ വേണമെന്നാണ് കണക്ക്. എന്നാൽ പലയിടത്തും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് ഫുഡ് സേഫ്റ്റി ഓഫീസർ തസ്തികയിൽ 160 വേണ്ടിടത്ത് പതിനാലോളം പേരുടെ കുറവുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചാൽ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതും പ്രശ്നമാണ്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണൽ അനലറ്റിക്കൽ ലാബുകളിലാണ് പരിശോധന നടത്തുക. 14 ദിവസങ്ങൾക്കകം ഫലം ലഭിക്കണമെന്നാണ് ചട്ടമെങ്കിലും ആവശ്യമെങ്കിൽ സമയ പരിധി നീട്ടി നൽകുകയാണ്. ഓണക്കാലത്തെ ആവശ്യം മുൻനിറുത്തി മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകൾ 10 വരെ വിവിധ ചെക്ക്പോസ്റ്റുകളിൽ പ്രവർത്തിക്കുന്നുണ്ട്. സ്ക്വാഡുകൾ ഈ മാസം 15 വരെ പ്രവർത്തിക്കും. ചെക്ക്പോസ്റ്രുകളിൽ രാത്രിയിലും പരിശോധന നടക്കുന്നുണ്ട്. പാൽ, മത്സ്യം എന്നിവയൊക്കെ പരിശോധിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു.