കേളകം: കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി കേളകം ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് തണലും ശുദ്ധവായുവും നൽകി വന്ന ആൽമരം മുറിച്ച് മറ്റാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകളും സാംസ്‌കാരിക കൂട്ടായ്മകളും രംഗത്തെത്തി. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം മറയാക്കിയാണ് ആൽമരം മുറിക്കാനുള്ള നീക്കം.
തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേളകത്തെ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും യൂത്ത് ക്ലബ്ബും കേളകം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പരിസ്ഥിതി സംഘടനയായ മണത്തണക്കൂട്ടവും പ്രതിഷേധം അറിയിച്ചിരുന്നു.
അടുത്തകാലത്തുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബസ് സ്റ്റാൻഡിലെ മരം ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കാരണം കണ്ടെത്തിയാണ് മരം മുറിച്ച് മാറ്റാൻ തീരുമാനിച്ചത് .മരം കടപുഴകി വീണാൽ കേളകം പഞ്ചായത്ത് വെയിറ്റിംഗ് ഷെഡ്ഡിനും സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിക്കുമെന്ന് പറഞ്ഞാണ് മരം മുറിക്കാൻ നീക്കം നടക്കുന്നത്. എന്നാൽ വർഷങ്ങൾക്ക് മുൻപ് കേളകം ബസ് സ്റ്റാൻഡിലുണ്ടായിരുന്ന ആൽമരത്തിന്റെ വേരുവരെ മാന്തി അതിനോട് ചേർന്ന് നിശ്ചിത അകലം പാലിക്കാതെ കൂറ്റൻ കെട്ടിടങ്ങൾ നിർമ്മിച്ചതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് പിന്നിലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
ഫയർഫോഴ്‌സും ഇലക്ട്രിസിറ്റിബോർഡും പഞ്ചായത്ത് പ്രതിനിധികളും മറ്റും ചേർന്ന ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിയാണ് മരം മുറിക്കാൻ അനുമതി കൊടുത്തത്.ഹൈക്കോടതി അനുമതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചില നിക്ഷിപ്ത താല്പര്യക്കാർ ഈ കൂറ്റൻ തണൽമരം മുറിക്കാൻ ശ്രമിക്കുന്നത്. മരംമുറിക്കരുതെന്നാവശ്യപ്പെട്ട് മണത്തണക്കൂട്ടം ഉൾപ്പെടെയുള്ള പരിസ്ഥിതിസാംസ്‌കാരിക സംംഘടനകൾ കേളകം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടുണ്ട്..
തിങ്കളാഴ്ച രാത്രിയിൽ മരം മുറിക്കുമെന്ന അഭ്യൂഹത്തെത്തുടർന്ന് പരിസ്ഥിതി സ്‌നേഹികൾ ഒന്നാകെ രാത്രി വൈകുവോളം മരത്തിന് കാവലിരിരുന്നു,.
പടം :പ്രകൃതിക്ഷോഭത്തിന്റെ പേരിൽ മുറിച്ച് മാറ്റാൻ ഒരുങ്ങുന്ന കേളകം പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ആൽമരം