കാഞ്ഞങ്ങാട്: കടൽക്ഷോഭവും ശക്തമായ കാറ്റും ട്രോളിംഗും ദുരിതത്തിലാക്കിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി മീൻ ഫാക്ടറിയിലെ ജി.എസ്.ടിയും.

കേരളത്തിൽ പിടിക്കുന്ന മീനിന്റെ 30 ശതമാനം മാത്രമേ ഭക്ഷ്യ ആവശ്യത്തിന് ഉപയോഗിക്കുന്നുള്ളൂ. ബാക്കി മില്ലുകളിലേക്കാണു പോകുന്നത്. മീൻ ഫാക്ടറികൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതോടെ കേരളത്തിലെയും കർണാടകയിലെയും മിക്ക മില്ലുകളും ഫാക്ടറികളും ചെമ്മീൻ കയറ്റുമതി കമ്പനികളും പൂട്ടിത്തുടങ്ങി. നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറികൾക്കു നോട്ടീസ് അയയ്ക്കാൻ തുടങ്ങിയതാണു കാരണമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതോടെ മത്സ്യത്തൊഴിലാളികൾ മാത്രമല്ല, അനുബന്ധ തൊഴിലാളികളും മീൻ കച്ചവടക്കാരും മൊത്തക്കച്ചവടക്കാരും പ്രതിസന്ധിയിലായി. കർണാടകയിലെ ഉള്ളാളിൽ മാത്രം ഏകദേശം 32 ഫിഷ് മില്ലുകളുണ്ട്. കേരളത്തിലാകട്ടെ 5 എണ്ണവും.
അതേസമയം വറുതിയുടെ നാളുകളിൽ മത്സ്യതൊഴിലാളികൾക്കു മത്സ്യവകുപ്പ് നൽകുന്ന സമാശ്വാസത്തിന്റെ രണ്ടാം ഗഡു കിട്ടിയില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. ആദ്യ ഗഡുവായി 1500 രൂപ കിട്ടി. എന്നാൽ ജൂലൈയിൽ കിട്ടേണ്ട തുക ഇതുവരെ ലഭിച്ചിട്ടില്ല. സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള 6 മാസങ്ങളിൽ 250 രൂപ വീതമാണ് തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത്. പിന്നീട് ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ 1500 രൂപ വീതം നൽകുന്നതാണു പദ്ധതി.

ബോട്ടുകൾ തീരത്തോടു ചേർന്നു മീൻപിടിക്കുന്നതു തടയാൻ സംവിധാനമില്ലാത്തതും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നേരത്തെ ഫിഷറീസ് വകുപ്പ് ക്ഷേത്ര ഭാരവാഹികളുടെയും ബോട്ടുടമകളുടെയും യോഗം ചേർന്നു കരയിൽ നിന്നു 4 കിലോമീറ്റർ അകലെ വരെ ചെറു ബോട്ടുകൾക്കു മീൻ പിടിക്കാമെന്നു ധാരണയുണ്ടാക്കിയിരുന്നു. ഇതാണിപ്പോൾ ലംഘിക്കപ്പെടുന്നത്. ഒരു ഉൾനാടൻ ഫിഷറീസ് വില്ലേജ് ഉൾപ്പെടെ 16 മത്സ്യഗ്രാമങ്ങളാണ് ജില്ലയിലുള്ളത്. വലിയപറമ്പ്, പടന്ന, കാടങ്കോട്, തൈക്കടപ്പുറം, പുഞ്ചാവി, ഹൊസ്ദുർഗ്, അജാനൂർ, പള്ളിക്കര, കോട്ടിക്കുളം, കീഴൂർ, കസബ, കാവുഗോളി, കോയിപ്പാടി, ഷിറിയ, മഞ്ചേശ്വരം, തൃക്കരിപ്പൂർ (ഉൾനാടൻ) എന്നിവയാണവ. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കെല്ലാം തന്നെ ദുരിതത്തിന്റെ കഥകൾ മാത്രമേ പറയാനുള്ളൂ.

ജില്ലയിൽ 16 മത്സ്യഗ്രാമങ്ങൾ

ജില്ലയിൽ രജിസ്റ്റർ ചെയ്തത്

വലിയ എൻജിൻ ഉപയോഗിക്കുന്ന ബോട്ടുകൾ 250

ചെറുതോണികളും ഫൈബർ വള്ളങ്ങളും 1500,

വലിയ തോണികൾ 40

ഉൾനാടൻ മത്സ്യത്തൊഴിലാളികൾ 600,

അനുബന്ധ ജോലി ചെയ്യുന്നവർ 1000 പേർ