കൂത്തുപറമ്പ്: സബ് ജയിൽ നിർമ്മിക്കുന്നതിനായി വകുപ്പ് ഏറ്റെടുത്ത കൂത്തുപറമ്പ് പഴയ പൊലീസ് സ്റ്റേഷൻ പരിസരം ഇപ്പോൾ കുപ്പത്തൊട്ടി പോലെയാണ്.പ്ളാസ്റ്റിക്ക് കുപ്പികളും ഡിസ് പോസബിൾ പ്ളേറ്റുകളും തൊട്ട് സകലമാലിന്യങ്ങളും ചാക്കുകളിലാക്കി തള്ളുന്ന പതിവ് തുടങ്ങിയിട്ട് വർഷങ്ങളായി.
നഗരഹൃദയത്തിലാണ് ഈ കുപ്പത്തൊട്ടിയുള്ളത്. കോടതികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കെ.എസ്.ഇ.ബി.ഓഫീസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയെല്ലാം തൊട്ടടുത്ത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാദ്ധ്യതകളാണ് ഈ മാലിന്യകേന്ദ്രം ഉയർത്തുന്നത്. വാഹനങ്ങളിൽ ചില സംഘങ്ങളാണ് ഇവിടെ രാത്രികാലത്ത് മാലിന്യം തള്ളുന്നത്.
പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടമാണ് സബ് ജയിൽ നിർമ്മിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പെ കൈമാറിയത്. എന്നാൽ ഇതുവരെ കെട്ടിടനിർമ്മാണം തുടങ്ങാനായിട്ടില്ല.ഇത് മുതലാക്കിയാണ് പഴയ പൊലീസ് സ്റ്റേഷന്റെ മതിലിനോട് ചേർന്ന് മാലിന്യം തള്ളുന്നത്. ടൗണിലെത്തുന്ന വാഹനങ്ങളുടെ പാർക്കിംഗും ഇവിടെ തന്നെയാണ്. കൂട്ടത്തിൽ ജൈവമാലിന്യവുമുള്ളതിനാൽ തെരുവുനായകളും ഇതിനെ ചുറ്റിപ്പറ്റി കഴിയുന്നുണ്ട്. നഗരജീവിതത്തിന് തന്നെ ഭീഷണിയുയർത്തിയിട്ടും ഇതിനെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.