ഉത്പാദനച്ചെലവ് താങ്ങാനാകാതെ കേരളത്തിലെ ക്ഷീരമേഖല പ്രതിസന്ധിയുടെ തൊഴുത്തിൽ കെട്ടേണ്ട സ്ഥിതിയിലായി. ഇതിനിടെ വന്ന പ്രളയവും കൂടിയായപ്പോൾ ദുരിതം കൂനിന്മേൽ കുരുവായി. കേരളത്തിലെ 15 ലക്ഷത്തോളം വരുന്ന ക്ഷീരകർഷകർ ഇതേ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ്. ക്ഷീരകർഷകരെയും വ്യവസായ സംരംഭങ്ങളെയും നേരിട്ടു ബാധിക്കുന്ന പ്രശ്നമാണിത്. അവരുടെ കുടുംബാംഗങ്ങളെയും കൂട്ടി 54 ലക്ഷം പേർ പട്ടിണിയിലേക്കു നീങ്ങുകയാണ്. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ക്ഷീരവ്യവസായ സംരംഭങ്ങളും നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ്. അതിജീവനം തേടുന്ന ക്ഷീരമേഖലയെ കുറിച്ച് പരമ്പര തുടങ്ങുന്നു.
ഒരു വീട്ടിൽ ഒരു പശുവെന്നത് ഐശ്വര്യത്തിന്റെ അടയാളമായിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ പശുവിനെ പോറ്റാൻ കഴിയാതെ കടക്കെണിയിലാകുന്ന ക്ഷീരകർഷകരുടെ കണ്ണീർ ഇന്ന് കേരളത്തിന്റെ ദുരന്ത ചിത്രമായി മാറുകയാണ്. ഒരു കാലത്ത് വയലുകളിൽ നിറഞ്ഞു നിന്ന കാളകളും ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ കൈയടക്കിയിരുന്ന ആടുകളും എങ്ങോട്ടാണ് മറഞ്ഞു പോയത്.
കാലിത്തീറ്റ വിലയിലെ ഭീമമായ വർധനയും പ്രളയം മൂലം കന്നുകാലികൾ ചത്തതും തൊഴുത്തുകളും മറ്റും തകർന്നതു മൂലമുള്ള പ്രശ്നങ്ങളുടെ നടുക്കടലിലാണ് ക്ഷീരകർഷർ. ഒരു നാടിന് മുഴുവൻ പാലാഴിയായിരുന്ന ക്ഷീര മേഖല വറ്റിവരളുമ്പോൾ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കൂടിയാണ് അപകടത്തിലാകുന്നത്. ദുരിതക്കയത്തിലായ ക്ഷീരകർഷകർ ഇതെല്ലാം തരണം ചെയ്ത് എത്രനാൾ മുന്നോട്ടുപോകുമെന്നു കണ്ടറിയണം. പാൽ വില രാവിലെ കൂട്ടുമ്പോൾ വൈകിട്ട് തന്നെ കാലിത്തീറ്റ വിലയും കൂടും. പാൽ വില കൂട്ടുമ്പോൾ കർഷകന് കിട്ടുന്ന ലാഭം മുഴുവൻ പിന്നെ കാലിത്തീറ്റ കമ്പനിക്ക് പോകും..ക്ഷീരകർഷകരെയും വ്യവസായത്തെയും കൈപിടിച്ചുയർത്താൻ സർക്കാർ ഈ മേഖലയിൽ ഇടപെടൽ ശക്തമാണെങ്കിലും അനുദിനം വർദ്ധിച്ചു വരുന്ന ചെലവിൽ അടി പതറുകയാണ് ക്ഷീരകർഷകൻ.
ഒരു ലിറ്റർ പാലുത്പാദിപ്പിക്കുന്നതിന് ക്ഷീരകർഷകന് 40 രൂപ ചെലവുണ്ടെന്ന് സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന്റെ കൈയിൽ കിട്ടിയിട്ടു വർഷങ്ങൾ പലതുകഴിഞ്ഞു. കർഷകന്റെ അധ്വാനം, കാലിത്തീറ്റ വില, പച്ചപ്പുല്ലിന്റെ ദൗർലഭ്യം എന്നിവയെല്ലാം കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ മിച്ചമായി ഒന്നും കിട്ടില്ലെന്നാണ് കർഷകരുടെ വാദം.
മിൽമയ്ക്കു കീഴിലുള്ള 3,600 ക്ഷീരസഹകരണസംഘങ്ങളിലാണ് ഒരു വിഭാഗം കർഷകർ പാൽ നല്കുന്നത്. സ്വകാര്യ സംസ്കരണമേഖലയിലെ കമ്പനികൾക്കു പാൽ നല്കുന്നവരും അനവധി. ഒരു ലിറ്റർ പാലിന് 37 രൂപയാണു കർഷകർക്കു മിൽമ നൽകിയിരുന്നത്. പാൽ വില വർദ്ധിച്ചതോടെ കർഷകർക്ക് കിട്ടുന്ന പുതുക്കിയ നിരക്ക് നാൽപത് രൂപയോളം വരും. എന്നാൽ ഇതുകൊണ്ടൊന്നും കർഷകർ തൃപ്തരല്ല. പാലിന് വില വർദ്ധിക്കുന്നതോടെ കാലിത്തീറ്റ വിലയും കുത്തനെ ഉയരും. ഒരു തരത്തിലും ചെലവും വരവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയാത്ത ക്ഷീരകർഷകർ നേരിടുന്നത്..
ഒരു വർഷംകൊണ്ടു കാലിത്തീറ്റവിലയിൽ 500 രൂപയുടെ വർധനയാണുണ്ടായത്. 2018 മേയിൽ 950 രൂപയായിരുന്നു 50 കിലോഗ്രാമുള്ള ഒരു ചാക്ക് കാലിത്തീറ്റയുടെ വില. ഇന്നത് 1500 രൂപ വരെയെത്തി.
പാലുൽപ്പാദനത്തിലും വിൽപ്പനയിലും നേട്ടം കൈവരിക്കുന്ന തമിഴ്നാട്ടിലും കർണാടകയിലും പാൽവില വർധിപ്പിച്ച് കർഷകരെ സഹായിക്കുന്നുണ്ട്. പാൽവില വർധിപ്പിച്ചാൽ അതിന്റെ 75 ശതമാനം ഉൽപ്പാദകന് ലഭിക്കത്തക്ക തരത്തിൽ ക്രമീകരിക്കണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.
നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന അത്യുത്പാദനശേഷിയുള്ള ഇനങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് വേണ്ടത്. ഉരുക്കൾക്കു ബീജാദാനം നടത്തുമ്പോൾ ഏതിനത്തിന്റെ ബീജമാണു നല്കുന്നതെന്ന് ഡോക്ടർക്ക് കൃത്യമായി അറിയണം. കർഷകന് ആവശ്യമുള്ള ഇനത്തിന്റെ ബീജം നല്കാനുള്ള സംവിധാനം വേണം. ഇങ്ങനെ ഏതെങ്കിലും ബീജം നല്കിയുണ്ടാകുന്ന കുഞ്ഞിൽനിന്ന് പ്രതീക്ഷിക്കുന്ന അളവിൽ പാൽ ലഭിക്കാത്തതും ക്ഷീരമേഖലയെ തളർത്തുകയാണ്. പശുക്കിടാവിനെ മാത്രം ലഭിക്കുന്ന ബീജം ലഭ്യമാക്കി തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ മുന്നേറുമ്പോഴാണ് നമ്മൾ പിറകോട്ടു പോകുന്നത്. കെ.കെ. നാരായണൻ ക്ഷീരകർഷകൻ
( തുടരും)