കണ്ണൂർ: ക്ഷീര മേഖലയിലെ കടുത്ത പ്രതിസന്ധിക്ക് കാരണം കന്നുകാലികളുടെ എണ്ണം ക്രമാതീതമായി കുറയുന്നതാണെന്നു കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തു നിന്ന് അമ്പതോളം പശുക്കളെയാണ് യുവകർഷകൻ ഈയിടെ അന്യസംസ്ഥാനത്തേക്ക് വിൽപ്പന നടത്തിയത്. പശുക്കളെ പോറ്റാൻ കഴിയാത്തതിനെ തുടർന്നാണിത്. ആവശ്യക്കാരായി കണ്ണൂർ ജില്ലക്കാരെ കിട്ടാത്തതു കൊണ്ടാണ് അന്യസംസ്ഥാനങ്ങളിലേക്ക് വിൽപ്പന നടത്തിയതെന്നാണ് കർഷകന്റെ വാദം.
കന്നുകാലികൾ കാണാമറയത്തേക്ക് അപ്രത്യക്ഷമാകുന്നുവെന്നത് കർഷകർക്ക് നൊമ്പരമുണർത്തുന്ന വസ്തുതയാണ്. ഉയർന്ന കാലിത്തീറ്റവില, മേച്ചിൽപ്പുറങ്ങളുടെ കുറവ്,അതിവേഗ നഗരവത്കരണം, പുതിയതലമുറയടെ കാലിവളർത്തൽ വൈമുഖ്യം തുടങ്ങിയ കാരണങ്ങളാൽ അടുത്ത പത്തുവർഷത്തിനിടയിൽ പശുക്കളുടെ എണ്ണം കേരളത്തിൽ പകുതിയായി കുറയുമെന്നാണ് ആശങ്ക. പുതിയ മൃഗ സെൻസസ് പ്രകാരം സംസ്ഥാനത്ത് പശുക്കളുടെ എണ്ണം വൻ തോതിൽ കുറയുന്നതായാണ് റിപ്പോർട്ട്.. സംസ്ഥാനത്ത് ലൈവ്‌സ്‌റ്റോക്ക് വിഭാഗം തന്നെ ശേഖരിച്ച കണക്കുകളുടെ ഒടുവിലത്തെ സ്ഥിതി പ്രകാരം ഒരു ലക്ഷത്തിലധികം പശുക്കളുടെ കുറവാണ് 2019ലെ സെൻസസിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
14 ജില്ലകളിലായി 13,13,071പശുക്കൾ ഉള്ളതായാണ് കണക്ക്. ഇതിൽ കറവപശുക്കൾ ആറ് ലക്ഷത്തിൽ താഴെയാണ്.. പശുക്കളുടെ പ്രതിദിന ശരാശരി പാലുല്പാദനം 10 ലക്ഷം ലിറ്ററാണ്.
2003 ൽ 21.22 ലക്ഷം കന്നുകാലികളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2012ലെ കണക്ക് പ്രകാരം ഇത് ഏഴുലക്ഷത്തിലധികം കുറഞ്ഞ് 13.29 ലക്ഷമായി. കഴിഞ്ഞ ഓരോ സെൻസസ് നോക്കിയാലും പശുക്കളുടെ എണ്ണത്തിൽ വൻതോതിൽ കുറവാണ് കാണിക്കുന്നത്.
കന്നുകാലികൾ
2003 ൽ 21.22 ലക്ഷം
2012 ൽ13.29 ലക്ഷം
കുറവ് പത്തനംതിട്ടയിൽ, കൂടുതൽ പാലക്കാട്ട്
പാലക്കാട് -.158427,
പത്തനംതിട്ട- 61153
മലപ്പുറം - 85856
വയനാട് -78869
ഒരുപശുപോലും ഇല്ലാത്ത പഞ്ചായത്തുകളും
കഴിഞ്ഞ തവണത്തെ പ്രളയം കാരണം ആയിരക്കണക്കിന് കന്നുകാലികൾ നശിച്ചിട്ടുണ്ട്.അതോടൊപ്പം മേച്ചിൽപ്പുറങ്ങളും നശിച്ചു. ഇപ്പോൾ തന്നെ ഒരു പശുപോലും ഇല്ലാത്ത പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ട്. എന്നാൽ സെൻസസിന്റെ ഔദ്യോഗിക കണക്കുകൾ കിട്ടിവരുന്നേയുള്ളൂ. അതേ സമയം 2012 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കന്നുകാലികളുടെ കണക്കിൽ ചെറിയൊരു വർദ്ധനയുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
കുള്ളനാണ് താരം
കന്നുകാലികളിലെ വൈവിദ്ധ്യം ഇന്ത്യയിൽ കൗതുകമുള്ള കാഴ്ചയാണ്.ഗുജറാത്തുകാരിയായ കാംഗ്രേജ്, ആന്ധ്രയിൽനിന്ന് ഓംഗോൾ, പഞ്ചാബിലെ സഹിവാൾ, ഹരിയാനയിലെ വൈറ്റ് തുടങ്ങിയവ അവയിൽ ചിലതു മാത്രം. രണ്ടരയടിമാത്രം ഉയരമുള്ള വെച്ചൂർ പശുവും കാസർകോട് കുള്ളനും കേരളത്തിന്റെ ക്ഷീര സമൃദ്ധിയുടെ അടയാളങ്ങളാണ്. കാസർകോട്, ദക്ഷിണ കന്നട ജില്ലകളുടെ അതിർത്തികളിലെ വയലേലകളിലും നാട്ടുവഴികളിലും മേഞ്ഞ് കുറുന്തോട്ടിയും നാട്ടുപുല്ലും തിന്ന് വളർന്ന തീരെ വലുപ്പം കുറഞ്ഞ, മെലിഞ്ഞ കൈകാലുകളുള്ള, അധികവും കറുപ്പുനിറത്തിലുള്ള തനത് ഇനമാണ് കാസർകോട് കുള്ളൻ പശു. നിരന്തരമായ സങ്കലനത്തിലൂടെ ഇതിന്റെ തനത് ഇനം ഇപ്പോൾ കാണാനേ ഇല്ലാതായി. മറ്റു പശുക്കളെ അപേക്ഷിച്ച് കുള്ളന് പ്രതിരോധ ശേഷി കൂടുതലാണ്.. സാധാരണ പശുക്കൾക്ക് കണ്ടുവരാറുള്ള കുളമ്പ് രോഗങ്ങളൊന്നും കുള്ളനെ ബാധിക്കില്ല. പുല്ലിന് പുറമെ ധാതുലവണങ്ങളും ഇവയ്ക്കു വേണം.
ഉയർന്ന രോഗപ്രതിരോധശക്തിക്കൊപ്പം ചൂടിനെ ചെറുക്കാനുള്ള ശേഷിയും കാസർകോട് കുള്ളന് ഏറെയാണ്. വീട്ടിലെ കാടിവെള്ളവും തവിടും തൊടിയിലെ അൽപ്പം പുല്ലും തിന്ന് മൂന്നുലിറ്റർവരെ പാൽതരുന്ന സൗമ്യമായ പെരുമാറ്റമുള്ള ഇനമാണ് കാസർകോട് കുള്ളൻ. ആട്ടിൻപാലിനോളം ഔഷധഗുണമാണ് ഇതിന്റെ പാലിന്. ശുദ്ധീകരിച്ച ഗോമൂത്രവും വലിയ മരുന്നാണ്.
(തുടരും)