പയ്യന്നൂർ: ജില്ലാ കളക്ടർ നടത്തിയ പബ്ലിക് ഹിയറിംഗിൽ പങ്കെടുത്ത ജനങ്ങൾ കാര്യകാരണസഹിതം എതിർപ്പ് രേഖപ്പെടുത്തിയതും ഇതുവരെ പരിസ്ഥിതി അനുമതി ലഭിക്കാത്തതുമായ കണ്ടങ്കാളി പെട്രോളിയം സംഭരണപദ്ധതി ഉപേക്ഷിക്കണമെന്ന് പദ്ധതി വിരുദ്ധ ജനകീയ സമരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പുഴയും കായലും ഒത്ത് ചേരുന്ന അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള 85 ഏക്കർ പാടശേഖരമായ തലോത്ത് വയൽ മണ്ണിട്ട് നികത്തി എണ്ണ സംഭരണപദ്ധതി സ്ഥാപിക്കുന്നത്, അടിക്കടി ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ അടുത്ത ഘട്ടമായി അനിശ്ചിതകാല സമരം ആരംഭിക്കേണ്ടി വരുമെന്നും മുന്നോടിയായുള്ള ത്രിദിന സൂചന സത്യഗ്രഹ സമരം അഞ്ചിന് ആരംഭിക്കുമെന്നും സമരസമിതി ഭാരവാഹികൾ പറഞ്ഞു.
പയ്യന്നൂർ സ്‌പെഷ്യൽ ലാന്റ് അക്വിസിഷൻ ഓഫീസിന് മുന്നിൽ ആരംഭിക്കുന്ന സമരം വൈകീട്ട് അഞ്ചിന് പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.പശ്ചിമഘട്ട പരിസ്ഥിതി വികസന സമിതി ചെയർമാനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ പ്രൊഫ. മാധവ് ഗാഡ്ഗിൽ ആറിന് വൈകീട്ട് നാലിന് പദ്ധതി പ്രദേശമായ കണ്ടങ്കാളി താലോത്ത് വയൽ സന്ദർശിക്കും. തുടർന്ന് പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നടക്കുന്ന പൊതുയോഗത്തിൽ മാധവ് ഗാഡ്ഗിൽ സംസാരിക്കും.ഏഴിന് വൈകീട്ട് അഞ്ചിന് സത്യാഗ്രഹസമരം അവസാനിക്കും. വാർത്താസമ്മേളനത്തിൽ ടി.പി. പത്മനാഭൻ, അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ, കെ.രാമചന്ദ്രൻ ,പത്മിനി കണ്ടങ്കാളി, എൻ. സുബ്രഹ്മണ്യൻ, മണിരാജ് വട്ടക്കൊവ്വൽ,എസ്.കെ കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു.