കാസർകോട്: സംസ്ഥാനം നേരിട്ട സമാനതകളില്ലാത്ത പ്രളയ ദുരന്തങ്ങളിൽ സർക്കാർ കാണിച്ച നിസംഗതയും നിരുത്തരവാദിത്വവും ജനങ്ങളെ ദുരിതക്കയങ്ങളിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്‌മാൻ രണ്ടത്താണി പറഞ്ഞു.
പ്രളയാനന്തര പുനരധിവാസം പരാജയമാക്കുകയും പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത് ധൂർത്തും കെടുകാര്യസ്ഥതയും കാട്ടി ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത ഇടതു സർക്കാറിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ക്യാമ്പിനറ്റ് റാങ്ക് സൃഷ്ടിക്കുന്നതിലൂടെയും അനാവശ്യ യാത്രയിലൂടെയും മറ്റ് നടപടിയിലൂടെയും സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലത്ത വിധം പൊതു ഖജനാവ് ധൂർത്തടിക്കുകയാണ് സർക്കാർ ചെയ്തു കൊണ്ടിരി ക്കുന്നത്. നിയമ സംവിധാനത്തെ പാർട്ടി വളർത്തുന്നതിനും പ്രതികാര നടപടിക്കായും ഉപയോഗിക്കുന്ന മോദി സർക്കാരിന്റെ നേർപതിപ്പാണ് കേരളത്തിലെ ഇടതു സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.സി. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ.ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. സി .ടി . അഹമ്മദലി, കെ.പി.കുഞ്ഞിക്കണ്ണൻ ,ഹക്കിം കുന്നിൽ, എ. അബ്ദുൽ റഹ്മാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., കെ. നീലകണ്ഠൻ, എ.ജി.സി. ബഷീർ, കുര്യക്കോസ് പ്ലാപറമ്പിൽ, ഹരീഷ് ബി. നമ്പ്യാർ, അബ്രഹാം തോണക്കര, വി.കമ്മാരൻ, എം.എച്ച്. ജനാർദ്ധനൻ, കരിവെള്ളൂർ വിജയൻ , ബി. സുകമാരൻ, ചാക്കോ നെല്ലിപ്ലാക്ക, മുനീർ മുനമ്പം, ടി.എ. മൂസ, എ.എം. കടവത്ത്, വി.കെ.പി. ഹമീദലി, കല്ലട്ര അബ്ദുൽ ഖാദർ ,എം.പി. ജാഫർ, കരുൺ താപ്പ , മഞ്ചുനാഥ ആൾവ പ്രസംഗിച്ചു.

ഇടതു സർക്കാറിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്‌മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു

മയ്യിച്ച ഗവ. എൽ.പി സ്‌കൂളിന് ബി.ആർ.സി

ജീവനക്കാരുടെ കൈത്താങ്ങ്

ചെറുവത്തൂർ: കനത്ത മഴവെള്ള പാച്ചലിൽ പുസ്തകങ്ങളടക്കം പലതും നഷ്ടപ്പെട്ട മയ്യിച്ച ഗവ. എൽ.പി സ്‌കൂളിന് കൈത്താങ്ങായി ചെറുവത്തൂർ ബി.ആർ.സി ജീവനക്കാർ വക പുസ്തകങ്ങളും അലമാരയും നൽകി.

തേജസ്വിനി പുഴ കരകവിഞ്ഞപ്പോൾ സ്‌കൂളിൽ ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറിയപ്പോൾ അർധരാത്രി സ്‌കൂൾ തുറന്ന പ്രദേശവാസികളും, സ്‌കൂൾ ജീവനക്കാരും പരമാവധി പുസ്തകങ്ങളും, പഠനോപകരണങ്ങളും മാറ്റിയിരുന്നു. എന്നാൽ ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങൾ, അധ്യാപക സഹായികൾ എന്നിവയെല്ലാം നശിച്ചു. സ്‌കൂളിനും കേടുപാടു പറ്റി. ഇതേ തുടർന്നാണ് വിദ്യാലയത്തിന് കൈത്താങ്ങായി ബി.ആർ സി ജീവനക്കാർ മുന്നോട്ടു വന്നത്. 8000 രൂപയുടെ പുസ്തകങ്ങളും നാല് അലമാരകളുമാണ് നൽകിയത്.

ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. എം.വി ഗംഗാധരൻ, ഡയറ്റ് ഫാക്കൽറ്റി കെ. രാമചന്ദ്രൻ നായർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടോംസൺ ടോം എന്നിവർ പുസ്തകങ്ങൾ കൈമാറി. ബി.പി.ഒ പി.വി ഉണ്ണിരാജൻ അധ്യക്ഷനായി. പി.വി ഓമന, കെ. മഹേഷ് കുമാർ, പി.വേണുഗോപാലൻ സംസാരിച്ചു.

പടം. മയ്യിച്ച ഗവ.എൽ.പി സ്‌കൂൾ വിദ്യാർഥികൾക്ക് ബി.ആർ.സി ജീവനക്കാർ പുസ്തകങ്ങൾ കൈമാറിയപ്പോൾ

അജാനൂർ കടപ്പുറത്ത് മത്സ്യബന്ധനത്തിനു പോകാനുള്ള തയ്യാറെടുപ്പിൽ മത്സ്യത്തൊഴിലാളികൾ