sumabalakrishnan-kizhunne

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി കെ.പി.സി.സി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇ.പി. ലതയെ മൂന്ന് വോട്ടുകൾക്കാണ് സുമ തോല്പിച്ചത്. 54 വോട്ടുകൾ പോൾ ചെയ്തതിൽ സുമയ്ക്ക് 28 ഉം ലതയ്ക്ക് 25ഉം ലഭിച്ചു. സ്ഥാനാർത്ഥിയുടെ പേരിന് നേരെ ഗുണന ചിഹ്നത്തിന് പകരം ശരിയിട്ടതിന് വലിയന്നൂർ ഡിവിഷനിലെ എൽ.ഡി.എഫ് കൗൺസിലർ കെ. റോജയുടെ വോട്ട് അസാധുവായി. രാവിലെ 11നാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. വരണാധികാരി ജില്ലാ കളക്ടർ ടി.വി. സുഭാഷ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 12.15ന് ഫലം പ്രഖ്യാപിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥിയായി സുമാബാലകൃഷ്ണന്റെ പേര് ടി.ഒ. മോഹനനാണ് നിർദ്ദേശിച്ചത്. സമീർ പിന്താങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഇ.പി. ലതയുടെ പേര് എൻ. ബാലകൃഷ്ണൻ നിർദ്ദേശിച്ചു. വെള്ളോറ രാജൻ പിന്താങ്ങി. തുടർന്ന് നടന്ന ചടങ്ങിൽ സുമാ ബാലകൃഷ്ണന് ജില്ലാ കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ. സുധാകരൻ എം.പിയുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.