കണ്ണൂർ:പുതിയ മേയറുടെയും ഭരണസമിതിയുടെയും കാലാവധി പൂർത്തിയാക്കാൻ ഇനി ഒരു വർഷം മാത്രം. കണ്ണൂർ നഗരത്തിന്റെ അടിസ്ഥാന വികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികൾആവിഷ്കരിക്കപ്പെട്ടിരുന്നു. ഓരോ ബഡ്ജറ്റിലും ഉടൻ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം പതിവായിരുന്നു. ശേഷിക്കുന്ന ഒരു വർഷത്തിനുള്ളിൽ ഇത്രയും പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിയുമോ എന്നതാണ് മേയറായി ചുമതലയേൽക്കുന്ന സുമ ബാലകൃഷ്ണന് മുന്നിലുള്ള വെല്ലുവിളി.
പാതിവഴിയിൽ അമൃത്
ജലവിതരണം, നഗര ഗതാഗതം സുഗമമാക്കൽ, ഓടകളും പൂന്തോട്ടങ്ങളും നിർമ്മിക്കൽ, മലിനജല സംസ്കരണ സംവിധാനമുണ്ടാക്കൽ തുടങ്ങിയവയാണ് അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോമേഷൻ എന്ന കേന്ദ്ര പദ്ധതിയിലൂടെ കണ്ണൂരിൽ നടപ്പാക്കുന്നത്.
37പദ്ധതികൾ(225.7 കോടി ഭരണാനുമതി) -സാങ്കേതിക അനുമതി 36 പദ്ധതി (177.28കോടി)-പ്രവൃത്തി തുടങ്ങിയത് 31-(149..85 കോടി)
114.47 കോടി, 12 കുടിവെള്ള പദ്ധതികൾ
വാട്ടർ അതോറിറ്റുടെ നേതൃത്വത്തിൽ 114.47 കോടി രൂപയുടെ 12 പദ്ധതികളാണ് കണ്ണൂരിൽ ആവിഷ്കരിച്ചിട്ടുള്ളത്. ഇതിൽ 248.68 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പദ്ധതിയിൽ 131 കിലോമീറ്ററിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. എളയാവൂർ, പുഴാതി, എടക്കാട്, പള്ളിക്കുന്ന് സോണലുകളിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പുഴാതി - പള്ളിക്കുന്ന് പ്രദേശത്തെ കുടിവെള്ള വിതരണത്തിന് വേണ്ടി പള്ളിക്കുന്ന് വാട്ടർ അതോറിറ്രിയുടെ സ്ഥലത്ത് 24 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നുണ്ട്. എടക്കാട് സോണലിന് വേണ്ടി തോട്ടടയിൽ 14 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മാണവും പുരോഗമിക്കുകയാണ്.
ചേലോറയിൽ ട്രീറ്റ്മെന്റ് പ്ളാന്റ്
മലിനജല ശുദ്ധീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചേലോറയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 3.4 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ടെൻഡർ പുരോഗമിക്കുകയാണ്. വീടുകളിൽ നിന്നും മലിനജലം പൈപ്പ് ലൈനിലൂടെ പടന്നപാലത്ത് നിർമ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിക്കണം.
തോട് നവീകരണത്തിന് പത്ത് പദ്ധതികൾ:
39.6 കോടി രൂപ ചെലവിൽ തോട് നവീകരണത്തിന് 10 പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇവയിൽ എട്ട് പദ്ധതികളുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള കാനാമ്പുഴ, പടന്നത്തോട് നവീകരണത്തിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കണം.
പാർക്ക് നവീകരണം
പാർക്ക് ഹരിതവത്ക്കണ പദ്ധതിയിൽ ഏഴ് പാർക്കുകളാണ് കണ്ണൂരിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ ആറ് പാർക്കുകളുടെ പ്രവൃത്തി നടക്കുകയാണ്. എസ്.എൻ പാർക്ക്, തളാപ്പ് രാജേന്ദ്ര പാർക്ക്, ചേലോറ പാർക്ക്, അവേര പാർക്ക്, കാപ്പാട് ശിശുമന്ദിരം പാർക്ക്, ആനക്കുളം പാർക്ക് എന്നിവിടങ്ങളിലെ പ്രവൃത്തിയ്ക്ക് വേഗത കുറഞ്ഞിരിക്കുകയാണ്.