മട്ടന്നൂർ: കനത്ത മഴയെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനാത്താവളത്തിന്റെ ചുറ്റുമതിൽ പൊട്ടി കോളിപ്പാലം ഭാഗം അപകട ഭീഷണിയിൽ. ഇന്നലെ രാവിലെയോടെയാണ് അപകട സാഹചര്യമുണ്ടായത്. വിമാനത്താവളത്തിന്റെ കോളിപ്പാലം ഭാഗത്തെ റൺവേയുടെ മതിൽ ഇടിഞ്ഞ് ഉരുൾപൊട്ടലിന് സമാനമായ സാഹചര്യമാണുള്ളത്.

കാനാട് മേലോടി വയൽ പ്രദേശത്ത് മണ്ണിടിഞ്ഞ് പത്തേക്കർ കൃഷിസ്ഥലം നശിച്ചു. പ്രദേശത്തെ വീടുകളിലേക്കും ചെളി വെള്ളം കയറിയിട്ടുണ്ട്.ആർ. കെ. ശിവരാമൻ നമ്പ്യാർ , കെ .എം. ശ്രീധരൻ നമ്പ്യാർ , പി. സി. പ്രമോദ് , പി.കെ. ഭരതൻ ഭാനുമതി ,പി .കെ. ഗൗരി , കെ. പി. ജഗദീഷ് , സി .എ. കുഞ്ഞിരാമൻ നമ്പ്യാർ, എം. പി. സരോജിനി ,കന്നത്താൻ കണ്ടി ബാലകൃഷണൻ , സരസ്വതി അമ്മ ,നാരായണി അമ്മ ,സനീഷ് ,തമ്പായി അമ്മ, രോഹിണി അമ്മ, ജാനകി അമ്മ എന്നിവരുടെ കൃഷിസ്ഥലത്താണ് വ്യാപകമായി നാശനഷ്ടം സംഭവിച്ചത്.കീഴല്ലൂർ കടാങ്കോട്ട് പ്രദേശത്ത് വെള്ളം ഒഴുകിയെത്തി റോഡ് ഒലിച്ചുപോയി.

വിമാനത്താവള പ്രദേശത്ത് നിന്ന് ഒഴുകിയെത്തിയ വെള്ളം പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമല്ലാതാക്കി. ഈ പ്രദേശത്ത് കിയാൽ അധികൃതർ റോഡ് നിർമ്മിച്ചു നൽകുമെന്നും പ്രദേശത്ത് സ്ഥലം ഏറ്റെടുത്ത് ഓവുചാൽ നിർമ്മിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ചെളി വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്നും കിയാൽ അറിയിച്ചു.

പടം : കനത്ത മഴയെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനാത്താവളത്തിന്റെ ചുറ്റുമതിൽ പൊട്ടിയ നിലയിൽ കോളിപ്പാലം ഭാഗത്തെ റോഡ് ഒലിച്ചു പോയ നിലയിൽ