കരിന്തളത്ത് അനുവദിച്ചത് രാജ്യത്ത് തുടങ്ങുന്ന നാല് ആശുപത്രികളിൽ ഒന്ന്

നീലേശ്വരം: ​ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ തോളേനിയിൽ ആയുഷ് വകുപ്പിന്റെ കീഴിൽ തുടങ്ങാനുദ്ദേശിക്കുന്ന യോഗ ആൻഡ് നാച്ചുറോപ്പതി ഹോസ്പിറ്റൽ കം റിസർച്ച് സെന്റർ കരിന്തളത്ത് നിന്നും മാറ്റാൻ നീക്കം. കഴിഞ്ഞ ഫെബ്രുവരി 3നാണ് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപത് നായിക്ക് തോളേനിയിൽ ആശുപത്രിക്ക് തറക്കല്ലിട്ടത്. തറക്കല്ലിട്ട് മാസം 7 കഴിഞ്ഞെങ്കിലും പിന്നീട് അതിന്റെ അനന്തര നടപടി ഒന്നും കൈ കൊണ്ടിട്ടില്ല. കേന്ദ്ര സർക്കാർ അനുവദിച്ച നാല് ആശുപത്രികളിൽ ഒന്നാണ് ജില്ലയിലെ കരിന്തളത്ത് അനുവദിച്ചത്.
എന്നാൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ജില്ലാ നേതൃത്വത്തിന് കരിന്തളത്ത് അനുവദിച്ച ആശുപത്രി അവിടെ വേണ്ടാ എന്നുള്ള അഭിപ്രായമാണുള്ളത്. കിനാനൂർ കരിന്തളത്തെ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയും സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ ഇങ്ങനെയുള്ള ഒരു ആശുപത്രി അനുവദിച്ചത് തങ്ങളോടു പോലും ആലോചിക്കാതെയാണെന്ന് പറയുന്നു. കിനാനൂർ-കരിന്തളം പഞ്ചായത്തിൽ ബി.ജെ.പി.യുടെ പ്രവർത്തനം നടത്താൻ സി.പി.എം പ്രവർത്തകർ പലരും വിഘാതം നിൽക്കുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞവർഷം കീഴ്മാല സ്‌കൂളിൽ ബി.ജെ.പിയുടെ പഞ്ചായത്ത് കൺവെൻഷൻ നടത്തുമ്പോൾ ഒരു വിഭാഗം സി.പി.എം പ്രവർത്തകർ കുഴപ്പങ്ങളുണ്ടാക്കാൻ വന്ന കാര്യവും ബി​.ജെ.പി പ്രവർത്തകർ എടുത്തുപറഞ്ഞു. പഞ്ചായത്ത് കൺവെൻഷനുശേഷം പൊലീസ് എത്തിയാണ് ബി.ജെ.പി. പ്രവർത്തകരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ഇക്കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ദിനത്തിലും സി.പി.എം പ്രവർത്തകർ കരിന്തളത്ത് മറ്റൊരു പരിപാടി വയ്ക്കുകയും അവസാനം അതിൽ നിന്ന് പിന്തിരിയുകയുമായിരുന്നു. ഈ വിഷയങ്ങളെല്ലാം കരിന്തളത്തെ ബി.ജെ.പി പ്രവർത്തകർ മേൽഘടകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട്.
ഇപ്പോൾ പെരിയയിൽ പ്രവർത്തനമാരംഭിച്ച കേന്ദ്ര സർവ്വകലാശാലയും ആദ്യം കരിന്തളത്ത് വരുമെന്ന് കിനാനൂർ കരിന്തളത്തെ നാട്ടുകാർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അത് പെരിയയിലേക്ക് മാറ്റുകയായിരുന്നു.