ഇരിട്ടി: ഇരിട്ടി മേഖലയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ശമനമായില്ല. ഇത് ജനജീവിതത്തേയും കാര്യമായി ബാധിച്ചു. ആശങ്ക സൃഷ്ടിക്കുന്ന രീതിയിൽ പുഴകളിലും തോടുകളിലും വെള്ളം ക്രമാതീതമായി ഉയരുകയാണ് . ബുധനാഴ്ച രാത്രിയോടെ ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു മഴ വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്നു മണിവരെ തുടർന്നു . ഇതിനു ശേഷമാണു അൽപ്പം ആശ്വാസം ഉണ്ടായത്.
തില്ലങ്കേരി പാറങ്ങാട് കനത്ത മഴയിലും കാറ്റിലും പൊള്ളച്ചിയിൽ വീട്ടിൽ പുതിയെടവൻ ലക്ഷ്മി അമ്മയുടെ വീട് തകർന്നു. ഉച്ചയോടെ പെയ്ത കനത്ത മഴയിലാണ് വീട് തകർന്ന് വീണത്. അപകട സമയത്ത് വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുടുംബത്തെ മാറ്റി പാർപ്പിച്ചു. പഞ്ചായത്ത്, റവന്യു അധികൃതർ ർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇരിട്ടി പേരാവൂർ റൂട്ടിൽ വെള്ളം കയറി ഇരുചക്ര വാഹനങ്ങളുടേയും ചെറിയ വാഹനങ്ങളുടേയും യാത്ര ഏറെ നേരം സ്തംഭിച്ചു. നിലവിൽ ഇവിടെ റോഡിൽ വെള്ളക്കെട്ട് ഉണ്ടെങ്കിലും ചെറിയ മഴയിൽ പോലും ഓവുചാൽ നിറഞ്ഞു കവിഞ്ഞ് റോഡിലേക്ക് വെള്ളം കയറുന്നത് യാത്ര ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ബാരാപോൾ , ബാവലി പുഴകളിലും വെള്ളം ഉയർന്നിട്ടുണ്ട്.
(പടം കനത്ത മഴയിൽ തില്ലങ്കേരി പാറയങ്ങാട് തകർന്ന പൊള്ളച്ചിയിൽ വീട്ടിൽ പുതിയെടവൻ ലക്ഷ്മി അമ്മയുടെ വീട് )