joy-cherupuzha

ചെറുപുഴ: കെട്ടിട നിർമ്മാണ കരാറുകാരനായ ചൂരപ്പടവിലെ മുതുപാറക്കുന്നേൽ ജോസഫിനെ (ജോയി 56) കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹം തന്നെ കരാറെടുത്ത് നിർമ്മിച്ച ചെറുപുഴയിലെ ലീഡർ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കൈകളിലെയും ഞരമ്പുകൾ മുറിഞ്ഞ് രക്തം ഒഴുകിയ നിലയിലായിരുന്നു.

ഈ കെട്ടിടം നിർമ്മിച്ച വകയിൽ ജോസഫിന്‌ 1.34 കോടി രൂപ ലഭിക്കാനുണ്ടെന്ന് ഭാര്യാ സഹോദരൻ രാജൻ സെബാസ്റ്റ്യൻ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനിരുന്നതാണ്. ഇതിനായി വിളിച്ച യോഗത്തിൽ പങ്കെടുക്കാനാണ് കണക്കുകളും മറ്റു രേഖകളുമായി ജോസഫ്‌ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ യോഗം നടന്നില്ല. ഇതിനുശേഷമാണ് കാണാതായത്.
ബുധനാഴ്ച വൈകിട്ട് അഞ്ച് മുതൽ ജോസഫിനെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ രാത്രി 12 മണിയോടെ ചെറുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ജോയിയുടെ കാർ ആശുപത്രിയിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നില, ഒന്നാം നില, ഗ്രൗണ്ട് എന്നിവ ചെറുപുഴ ഡെവലപ്പേഴ്‌സ് എന്ന പേരിലുള്ള സ്ഥാപനത്തിന്റെ പേരിലാണ്. രണ്ടാം നിലയിലുള്ള ഫ്ലാറ്റും ഒരേക്കർ 30 സെന്റ് സ്ഥലവും ചെറുപുഴ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്പേഴ്‌സിന്റെ ഉടമസ്ഥതയിലാണ്. മരിച്ച ജോസഫ് ഉൾപ്പെടെ എട്ടംഗങ്ങളാണ് ഇതിൽ ഉള്ളത്. ചെറുപുഴ ടൗണിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളിൽ പലതും ജോസഫാണ് നിർമ്മിച്ചത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മൃതദേഹ പരിശോധന നടത്തി. കണ്ണൂരിൽ നിന്ന് ഫോറൻസിക്, ഡോഗ് സ്‌ക്വാഡും വിരലടയാള വിഭാഗവും സ്ഥലത്തെത്തി. മിനിയാണ് ജോസഫിന്റെ ഭാര്യ. മക്കൾ: ഡെവിൻ, മെലീസ, ഡെൻസ്.