സംഭരണശേഷി 30,000 ലിറ്റർ

ഉപഭോക്താക്കൾ 400 കുടുംബങ്ങൾ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറയിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് അപകട ഭീഷണി ഉയർത്തുന്നു.

50 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടാങ്കിന്റെ നാലു തൂണുകളിൽ ഒന്നിന് ബലക്ഷയം സംഭവിച്ചതാണ് പരിസരവാസികളെ ആശങ്കാകുലരാക്കുന്നത്. കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തേക്ക് കാണുന്ന വിധത്തിലാണ് തൂണുള്ളത്. ഒളവറ പ്രധാന റോഡിന് പടിഞ്ഞാറ് ഭാഗത്തായി ഉടുമ്പുന്തലയിലേക്കുള്ള ചെറിയ റോഡിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പരിസരത്താണ് 30,000 ലിറ്റർ വെള്ളം സംഭരണ ശേഷിയുള്ള ഈ കുടിവെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്.

കാൽനട യാത്രക്കാർക്ക് പുറമെ പിഞ്ചു വിദ്യാർത്ഥികളെയടക്കം വഹിച്ചു പോകുന്ന ചെറുവാഹനങ്ങളും ഇരു ചക്ര, മുച്ചക്ര വാഹനങ്ങളും ടാങ്കിന്റെ പരിസരത്തെ റോഡിനെ ആശ്രയിച്ചു സർവ്വീസ് നടത്തുന്നുണ്ട്. കൂടാതെ പരിസരത്തെ വീടുകളിലെ കുട്ടികൾ ഈ അപകടാവസ്ഥയിലുള്ള ടാങ്കിന്റെ പരിസരത്ത് നിന്നും കളിക്കുന്നതും പതിവാണ്.

30 വർഷം മുമ്പ് ആരംഭിച്ച ഈ കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ് സെറ്റും ഇരുനൂറു മീറ്ററോളം ദൂരത്തിൽ ഒളവറ വായനശാല പരിസരത്താണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജല ദൗർലഭ്യത അനുഭവപ്പെടുന്ന കുറ്റിച്ചി, കരികടവ്, ഉടുമ്പുംതല, ഒളവറ തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം നാനൂറോളം കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ.