കാസർകോട്: മണ്ണെടുപ്പ്, മണൽക്കടത്ത് തുടങ്ങി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് ഓണക്കാലത്തെ അവധി ദിവസങ്ങളിലും താലൂക്ക് തലത്തിൽ റവന്യു ഉദ്യോഗസ്ഥരുടെ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് വികസന പാക്കേജിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളോട് സർക്കാറിന് വിട്ടുവീഴ്ചയില്ല. തങ്ങളുടെ കടമകൾ കൃത്യമായി നിർവഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർക്കാരിന് അറിയാം. ഭൂമിയെ കൊള്ളയടിക്കാൻ ആരെയും അനുവദിക്കില്ല. നമ്മുടെ മലകളും പുഴകളും നമുക്ക് നിലനിർത്തണം. ഇനിയും ഒരുപാട് തലമുറകൾക്ക് ഇവിടെ ജീവിക്കണം. അവർക്കും അവകാശപ്പെട്ടതാണ് ഇവയെല്ലാം. നമ്മുടെ തലമുറയ്ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്കുള്ള അനുമോദന പത്രവും ഓണക്കോടിയും മന്ത്രി വിതരണം ചെയ്തു. ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജ്യോതിഷ്‌കുമാറിന് മന്ത്രി ഉപഹാരം നൽകി. പ്രളയ ദുരിതബാധിതർക്ക് നിർമിച്ച രണ്ടു വീടുകളുടെ താക്കോൽ ദാനവും മന്ത്രി നിർവഹിച്ചു.

എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, നീലേശ്വരം നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, കാഞ്ഞങ്ങാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി, എ.ഡി.എം എൻ ദേവീദാസ്, സബ് കളക്ടർ അരുൺ കെ. വിജയൻ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജ് മോഹൻ, ഹൊസ്ദുർഗ് തഹസിൽദാർ ഇൻ ചാർജ് മണിരാജ് തുടങ്ങിയവർ പങ്കെടുത്തു.