പയ്യന്നൂർ: നിർദിഷ്ട കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ഓഫീസ് അടച്ചു പൂട്ടുക , പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ലാൻഡ്് അക്വിസിഷൻ ഓഫീസിനു മുന്നിൽ നടന്ന ത്രിദിന നിരാഹാര സത്യഗ്രഹം സമാപിച്ചു .
അടുത്ത ഘട്ടമായി സെപ്റ്റംബർ അവസാന വാരത്തിൽ തലോത്ത് വയലിൽ കൊയ്ത്തുത്സവം നടത്തുവാനും
ഒക്ടോബർ 2 മുതൽ പദ്ധതി ഉപേക്ഷിക്കും വരെ അനിശ്ചിതകാല സത്യഗ്രഹ സമരം സംഘടിപ്പിക്കാനും സമരസമിതി തീരുമാനിച്ചു.
സമരസമിതി ചെയർമാൻ ടി.പി.പദ്മനാഭൻ സമര പ്രഖ്യാപനം നടത്തി. നിരാഹാര സമരം നടത്തിയ എൻ.സുബ്രഹ്മണ്യൻ, മണിരാജ് വട്ടക്കൊവ്വൽ ,അത്തായി ബാലൻ എന്നിവർക്ക് പയ്യന്നൂർ നഗരസഭാ പ്രതിപക്ഷ നേതാവ് പി.പി. ദാമോദരനും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനവും ചേർന്ന് ഇളനീർ നൽകി.
സത്യഗ്രഹ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആർട്ടിസ്റ്റ് ഗണേഷ് കുമാർ കുഞ്ഞിമംഗലം സമരപ്പന്തലിൽ ചിത്രം വരച്ചു. ജോൺസൺ പുഞ്ചക്കാട് പുല്ലാങ്കുഴൽ വായിച്ചു. ജോൺ പെരുവന്താനം , വി .പി .സുഹറ, ഡോ.ഡി.സുരേന്ദ്രനാഥ് ,ഗണേഷ് കുമാർ കുഞ്ഞിമംഗലം, മനോജ് കാന, മാധവൻ പുറച്ചേരി, പി.പി .കെ പൊതുവാൾ , സി.വിശാലാക്ഷൻ, എൻ.സുബ്രഹ്മണ്യൻ, മണിരാജ് വട്ടക്കൊവ്വൽ, അപ്പുക്കുട്ടൻ കാരയിൽ എന്നിവർ സംസാരിച്ചു.