prasanth

കണ്ണൂർ: സിനിമാ നിർമ്മാതാവിൽ നിന്ന് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ അറസ്റ്റിലായ ഹിന്ദി നടനും കണ്ണൂർ സ്വദേശിയുമായ പ്രശാന്ത് നാരായണനെയും ഭാര്യ ഷോണയെയും തലശേരി അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. സിനിമാ നിർമാതാവ് തോമസ് പണിക്കർ നൽകിയ പരാതിയിലാണ് എടക്കാട് പൊലീസ് മുംബയിൽനിന്ന് പ്രശാന്തിനെ അറസ്റ്റുചെയ്തത്. സിനിമാനിർമാതാവിനെ മുംബയിലുള്ള ഇൻടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡിൽ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് 1.20 കോടി രൂപ വാങ്ങി വഞ്ചിച്ചത്.

തോമസ് പണിക്കർ നിർമ്മിച്ച സിനിമാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കാനെത്തിയ പ്രശാന്ത് കമ്പനിയിൽ നിന്നു വൻ തുക ലാഭമായി ലഭിക്കുമെന്ന് പറഞ്ഞാണ് തുക കൈപ്പറ്റിയത്. 80 ലക്ഷം രൂപ തോമസ് പണിക്കർ പ്രശാന്ത് നാരായണന്റെ ബാങ്ക് അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്ന് കൈമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്. മുംബയിൽ എത്തി കമ്പനിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അത്തരത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് അറിഞ്ഞത്. പിന്നീട് പ്രശാന്ത് നാരായണന്റെ മുംബയിലും നാട്ടിലുമുള്ള വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയില്ലെന്നു പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഒാഫീസർമാരായ സന്തോഷ്, മഹേഷ്, വനിതാ പൊലീസുകാരായ ദിവ്യ, സിൻഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.