കണ്ണൂർ:ഒാണ വിപണി സജീവമായ സാഹചര്യത്തിൽ വിവിധ കടകളിലും ഹോട്ടലുകളിലും മാർക്കറ്റുകളിലും ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പിഴയിനത്തിൽ ഈടാക്കിയത് 1.82ലക്ഷം രൂപ. 90 സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും തുക ഈടാക്കിയത്.
ഒാണവിപണിയുടെ മറവിൽ ഭക്ഷ്യ ഉത്പ്പന്നങ്ങൾ പൂഴ്ത്തി വയ്ക്കുന്നതും മായം ചേർക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ മുന്നിൽ കണ്ട് കൊണ്ടാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കിയത്.
21 മുതൽ ഏഴ് വരെ 245 സ്ഥാപനങ്ങളിലാണ് മൂന്ന് ഫുഡ് സേഫ്റ്റി ഒാഫീസർമാർ ഉൾപ്പെടുന്ന രണ്ട് സംഘങ്ങളായി ജില്ലയിലെ വിവിധ ഇടങ്ങളിലായി പരിശോധന നടത്തിയത്.കേളകത്ത് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 60 കിലോ മത്സ്യത്തിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തി.ചെമ്പല്ലി,കിളിമീൻ എന്നീ മത്സ്യങ്ങളിലാണ് ഫോർമാലിന്റെ അംശം കണ്ടെത്തിയത്.തലശ്ശേരിയിൽ നടത്തിയ പരിശോധനയിൽ മീൻ മോശമാകാതിരിക്കാൻ ഇട്ട് വച്ച ഐസിലും ഫോർമാലിൻ അംശം കണ്ടെത്തി.
മായം ചേർക്കാൻ സാദ്ധ്യത ഏറെയുള്ള പാൽ,നെയ്യ്,ശർക്കര എന്നിവയുടെ സാമ്പിൾ വിവിധ കടകളിൽ നിന്നും ശേഖരിച്ച് റീജിയണൽ ലാബിലേക്ക് പരിശോധനയക്ക് അയച്ചിട്ടുള്ളതായും ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ പറഞ്ഞു.
ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലയിലെ വിവിധ കടകളിലും ബേക്കറികളിലുമെല്ലാമായി നടത്തിയ പരിശോധനയിൽ പലയിടത്തും ന്യൂനതകൾ കണ്ടെത്തിയിട്ടുണ്ട്.വൃത്തി ഹീനമല്ലാത്ത സാഹചര്യത്തിൽ നിരവധി ബേക്കറികളും നിർമ്മാണ യൂണിറ്റുകളും കണ്ടെത്തി. പിടിക്കപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടി എടുത്തിട്ടുണ്ട്.
പി.ജനാർദ്ധനൻ ,ഭക്ഷ്യ സുരക്ഷ വകുപ്പ് ഒാഫീസർ