കണ്ണൂർ:ഒാണത്തോടനുബന്ധിച്ച് പൊതുവിപണി പരിശോധിക്കുന്നതിനായി രൂപീകരിച്ച പ്രത്യക സംഘത്തിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം രൂപീകരിച്ച സംഘമാണ് ഇന്നലെ കണ്ണൂർ മാർക്കറ്റിലെ പല ചരക്ക് കടകൾ,പച്ചക്കറി കടകൾ,ഹോട്ടലുകൾ,മത്സ്യ മാർക്കറ്റുകൾ ,ഇറച്ചി വിൽപ്പന ശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.
വില വിവര പട്ടിക പ്രദർശിപ്പിക്കാത്തിന് 9 സ്ഥാപനങ്ങൾക്ക് സിവിൽ സപ്ളൈസ് നോട്ടീസ് നൽകി. ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ തെറ്റായ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് രണ്ട് സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി.
പച്ചക്കറി ഇനങ്ങളിൽ ഒരേ ഇനത്തിന് വ്യത്യസ്ഥ തരത്തിലുള്ള വില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും സിവിൽ സപ്ലൈ അധികൃതർ പറഞ്ഞു.തുടർന്നും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.പരിശോധനയ്ക്ക താലൂക്ക് സപ്ലൈ ഒാഫീസർ ഇൻചാർജ് പി.അനീഷ് നേതൃത്വം നൽകി.റേഷനിംഗ് ഇൻസ്പെക്ടർമാരായ സി.ഷാജി,ബിന്ദു മോൾ,എം.രാജേഷ്,ലീഗൽ മെട്രോളജി വിഭാഗം ഇൻസ്പെക്ടർമാരായ പി.പ്രദീപ് ,ടി.കൃഷ്ണൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.