പൊതാവൂർ: വിദ്യാലയങ്ങൾ കൈകോർത്തതോടെ സുജിത്തിനും നിവേദ്യക്കും പഠനം നടത്താൻ വീടൊരുങ്ങുമെന്ന് ഉറപ്പായി. പൊതാവൂർ എ.യു.പി സ്‌കൂളിലെ ആറാം ക്ലാസിലെ നിവേദ്യ, കൊടക്കാട് കേളപ്പജി സ്‌കൂളിലെ ഒൻപതാം ക്ലാസിലെ സുജിത് എന്നിവരുടെ കുടുംബത്തിനാണ് വീടെന്ന സ്വപ്നം പൂവണിയാൻ പോകുന്നത്.
രണ്ട് വിദ്യാലയങ്ങളിലെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മ ഇവർക്ക് വീട് വെച്ചു കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞവർഷത്തെ കാലവർഷത്തിൽ ശക്തിമായ കാറ്റിലും മഴയിലും ഈ കുടുംബത്തിന്റെ വീട് തെങ്ങുവീണ് തകർന്നിരുന്നു. ഭവന നിർമ്മാണ പദ്ധതികളിലൊന്നും ഉൾപ്പെടാത്തതിനാൽ മറ്റൊരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഇത് ഇവരുടെ പഠനത്തെ ബാധിച്ച സാഹചര്യത്തിലാണ് വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ വീട് നിർമിക്കാൻ തീരുമാനിച്ചത്.
കേളപ്പജി സ്‌കൂളിൽ നടന്ന സ്റ്റുഡന്റ് പൊലീസ് ക്യാമ്പിൽ സഹായ ധനത്തിന്റെ ആദ്യഗഡു പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരൻ കുട്ടികളുടെ അമ്മ ഗീതയ്ക്ക് കൈമാറി. ചടങ്ങിൽ ചീമേനി എസ്. ഐ ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ. വിമലകുമാരി, എ. ദിലീപ്, സി. ഗോപീകൃഷ്ണൻ, വി. സുജ സംസാരിച്ചു. പൊതാവൂരിൽ ചേർന്ന ആലോചന യോഗത്തിൽ കെ. ബാലൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.എം അനിൽ കുമാർ, വി.വി മനോജ് കുമാർ, കെ. സുരേശൻ, സി. ശശികുമാർ, ടി.കെ. ഷീബ, കെ.എം.സജീഷ് എന്നിവർ സംസാരിച്ചു.
പടം.. വീട് നിർമ്മാണത്തിന്റെ ആദ്യഗഡു പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരൻ ഗീതയ്ക്ക് കൈമാറുന്നു.