ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു കോഴ്സുമാത്രം

ഡ്രാഫ്റ്റ്സ്‌മേൻ സിവിലിൽ 20 സീറ്റ്

ക്ലറിക്കൽ പോസ്റ്റ് അനുവദിച്ചിട്ടില്ല

പുതിയകെട്ടിടം പാതിവഴിയിൽ

നീലേശ്വരം: അരനൂറ്റാണ്ടു മുമ്പ് ആരംഭിച്ച ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ടി.ഐ) ഇന്നും അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്നു. വള്ളിക്കുന്ന് താലൂക്ക് ആശുപത്രിക്ക് സമീപത്തെ തകർന്നുവീഴാറായ പഴയ ഓടുമേഞ്ഞ കെട്ടിടത്തിലാണ് പട്ടികജാതി വകുപ്പിനു കീഴിലുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. 33 സെന്റ് മാത്രം വിസ്തീർണ്ണമുള്ള സ്ഥലത്തെ കെട്ടിടത്തിൽ തന്നെയാണ് കുട്ടികളുടെ ക്ലാസും ഒറ്റമുറി ഓഫീസും പ്രവർത്തിക്കുന്നത് .
ഏക കോഴ്‌സായ ഡ്രാഫ്റ്റ്സ്‌മേൻ സിവിലിൽ 20 സീറ്റാണുള്ളത്. ഇതിൽ 80 ശതമാനം പട്ടികജാതിക്കും, 10 ശതമാനം പട്ടികവർഗ്ഗത്തിനും 10 ശതമാനം ജനറൽ സീറ്റിലുമാണ് പ്രവേശനം നൽകുന്നത്. ഇവരെ പഠിപ്പിക്കാൻ മൂന്ന് ഇൻസ്ട്രക്ടർ മാരിൽ ഒരാൾ ഗസ്റ്റാണ്. ഓഫീസിലാണെങ്കിൽ ക്ലറിക്കൽ പോസ്റ്റ് ഇതുവരെ അനുവദിച്ചിട്ടില്ല. പട്ടികജാതി വകുപ്പിനു കീഴിലുള്ള മറ്റ് ഐ.ടി.ഐകളിൽ ഓഫീസ് സ്റ്റാഫ് ആവശ്യത്തിനുണ്ടെങ്കിലും നീലേശ്വരത്ത് അത് ബാധകമല്ലാത്ത സ്ഥിതിയാണ്. ഇപ്പോൾ ഒരു ട്രെയിനിംഗ് സൂപ്രണ്ട്, ഓഫീസ് അസിസ്റ്റന്റ്, വാച്ച് മേൻ മാത്രമെ ഇവിടെ ഉള്ളു.
ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്ന നിലവിലുള്ള ഐ.ടി.ഐ ഇവിടെ നിന്നു മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പുത്തരിയടുക്കത്ത് റവന്യു സ്ഥലം ധാരാളം ഉണ്ടായിരിക്കെ അധികൃതരുടെ അനാസ്ഥ കൊണ്ട് മാത്രമാണ് ഐ.ടി.ഐ ഈ ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്നത്. ഐ.ടി.ഐ ഇവിടെ നിന്നു മാറ്റി, നിലവിലുള്ള ഐ.ടി.ഐ ഉൾപ്പെടെയുള്ള സ്ഥലം താലൂക്കാശുപത്രിക്ക് കൈമാറിയാൽ താലൂക്ക് ആശുപത്രി വികസിപ്പിക്കാനും സാധിക്കും. ഇക്കാര്യവും നാട്ടുകാർ പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ഐ.ടി.ഐക്ക് വേണ്ടി പ്രസ്തുതസ്ഥലത്ത് പുതിയ കെട്ടിടം പണിയാൻ ആരംഭിച്ചെങ്കിലും അതും പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്.