ചെറുപുഴ : ചെറുപുഴയിൽ കരാറുകാരൻ ജോസഫ് എന്ന ജോയി മുതുപാറയെ ആശുപത്രിയുടെ ടെറസിൽ കൈകാൽ ഞരമ്പുകൾ മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വിവാദത്തിലേക്ക്. ജോസഫിന്റെ മരണം ആസൂത്രിതമാണെന്ന ആരോപണവുമായി ജോയിയുടെ സഹോദരനും ഭാര്യാ സഹോദരങ്ങളും ചെറുപുഴയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എന്ത് പ്രതിസന്ധി ഉണ്ടായാലും താൻ ആത്മഹത്യ ചെയ്യില്ലെന്ന് ജോയി പലതവണ ഭാര്യയോടും സഹോദരങ്ങളോടും പറഞ്ഞതായി ഇവർ പറയുന്നു.കരാർ ജോലി ചെയ്ത വകയിൽ കിട്ടാനുള്ള പണത്തിനായി ആശുപത്രി കെട്ടിടത്തിലേക്ക് വിളിച്ചിട്ടുണ്ടെന്നും പണം കിട്ടാൻ സാധ്യത ഉണ്ടെന്നും ജോസഫ് ഭാര്യയോടും മറ്റ് ബന്ധുക്കളോടും പറഞ്ഞിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ സ്‌കൂളിൽ എത്തിച്ച ശേഷം നേരെ പണം വാങ്ങാനായി പോയ ജോസഫ് മൂന്നുമണി വരെ സഹോദരൻ ഡേവിഡിനെയും മറ്റ് ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഏഴ് മണി ആയിട്ടും കാണാതെ വന്നപ്പോഴാണ് തിരച്ചിൽ നടത്തിയതും പൊലീസിൽ പരാതി നല്കിയതും.

തിരഞ്ഞ സ്ഥലങ്ങളിൽ ജോസഫിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലവും പെടും. ആ സമയത്ത് കാണാത്ത മൃതദേഹം പിറ്റേ ദിവസം രാവിലെ ഈ സ്ഥലത്ത് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ട്.

ജോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോയിക്ക് കിട്ടാനുള്ള പണവും ഇതെ കെട്ടിടത്തിൽ ജോയി വിലകൊടുത്ത് വാങ്ങിയ ഫ്‌ളാറ്റ് ഉടൻ വിട്ടുകൊടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ജോയിയുടെ ജ്യേഷ്ഠ സഹോദരൻ ഡേവിഡ് മുതുപാറക്കുന്നേൽ, ഭാര്യാ സഹോദരന്മാരായ ആൻസലാം സെബാസ്റ്റ്യൻ, അലെക്‌സസ് സെബാസ്റ്റ്യൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ സംബന്ധിച്ചത്.

പൊലീസ് അന്വേഷണം തുടങ്ങി,​ പരാതിക്കാരുടെ മൊഴിയെടുത്തു

ചെറുപുഴ: ചെറുപുഴയിൽ കരാറുകാരൻ ജോസഫ് എന്ന ജോയി മുതുപാറയെ ആശുപത്രിയുടെ ടെറസിൽ കൈകാൽ ഞരമ്പുകൾ മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചെറുപുഴ എസ്.ഐ മഹേഷ് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി തെളിവെടുത്തു.ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ സംഘം ജോയിയുടെ ഭാര്യയിൽ നിന്നും സഹോദരങ്ങളിൽ നിന്നുമാണ് മൊഴിയെടുത്തത്.

കോൺഗ്രസ് നേതാക്കളായ കരുണാകരൻ മെമ്മോറിയൽ ചാരിറ്റബൾ ട്രസ്റ്റിന്റെ ഭാരവാഹികൾക്കെതിരെ സഹോദരൻ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അതെ സമയം സി.ഐ അന്വേഷണച്ചുമതല ഏറ്റെടുത്തുവെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ എസ്.ഐ തന്നെയാണ് അന്വേഷണം നടത്തുന്നത്. ചെറുപുഴയിലെ ലീഡർ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രി ഉൾപ്പെട്ട കെട്ടിടത്തിന്റെ കരാറുകാരനായ ജോയി പണം വാങ്ങാൻ കണക്കുകളുമായി വരണമെന്ന് അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെന്നും തുടർന്നാണ് കാണാതായതെന്നുമാണ് സഹോദരൻ പൊലീസിന് നൽകിയ പരാതിയിലുള്ളത്. രാത്രി മുഴുവൻ ആശുപത്രിയിലും മുകളിലുള്ള നിലകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ ജോയിയെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഒന്നര കോടിയോളം രൂപ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് ജോയിക്ക് നൽകാനുണ്ടെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

എന്നാൽ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് ഇത്തരത്തിൽ പണം കൊടുക്കാനില്ലെന്നാണ് ഭാരവാഹികൾ പറയുന്നത്. ട്രസ്റ്റിന് പുറമെ രൂപീകരിച്ച ചെറുപുഴ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയും ജോയി അടക്കം ഡയറക്ടറായിട്ടുള്ള ചെറുപുഴ ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്‌മെന്റ് കമ്പനിയുമാണ് ആശുപത്രിക്ക് മുകളിൽ ഫ്‌ളാറ്റുകളടക്കം നിർമിച്ചത്. ഈ കമ്പനികൾ ജോയിക്ക് പണം നൽകാനുണ്ട്. എൺപത് ശതമാനത്തോളം തുകയും നൽകിയെന്നും അളവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസമാണ് ബാക്കി തുക വൈകാൻ കാരണമായതെന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നു.അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിട്ടുള്ളത്.

ചെറുപുഴയിൽ ഇന്ന് സർവകക്ഷിയോഗം

ചെറുപുഴ:ജോയി മുതുപാറയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് ചെറുപുഴയിൽ സർവകക്ഷിയോഗം ചേരും. ആക് ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനിറങ്ങാനാണ് തീരുമാനമെന്ന് യോഗം വിളിച്ചുചേർത്തവർ പറഞ്ഞു.

ആരോപണവുമായി പന്തമാക്കലും
ചെറുപുഴ:ചെറുപുഴയിലെ കരാറുകാരൻ ജോയ് മുതുപാറകുന്നേലിന്റെ മരണത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഡി.ഡി.എഫ് നേതാവും ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജയിംസ് പന്തമാക്കലും.ജോയിയുടെ മരണത്തിൽ പങ്കുള്ളതായി ബന്ധുക്കൾ ആരോപിക്കുന്ന കെ.കരുണാകരൻ ട്രസ്റ്റിനെതിരെ ആരോപണമുയർത്തിയതിന്റെ പേരിലാണ് പന്തമാക്കലിനെ നേരത്തെ അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പുറത്താക്കിയത്.
ട്രസ്റ്റിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് പറയുമ്പോൾ ഇതെ ട്രസ്റ്റിന്റെ ഭാരവാഹികളെ അപമാനിച്ചതിന്റെ പേരിൽ തന്നെ പുറത്താക്കിയ നടപടി സാമാന്യബുദ്ധിക്ക് ചേർന്നതാണോയൊണ്് ജെയിംസ് പന്തമാക്കലിന്റെ ചോദ്യം.കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ച് തുടങ്ങിയ കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന് ഇപ്പോൾ ഒരു രൂപയുടെ ആസ്തി പോലും ബാക്കിവെക്കാതെ ദുരുപയോഗം ചെയ്തതായും പന്തമാക്കൽ ആരോപിച്ചു.