കണ്ണൂർ: ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി പ്രവർത്തിക്കുന്ന മുന്നണിയല്ല എൽ. ഡി. എഫ് എന്ന് സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പി .ജെ .ജോസഫ് എൽ.ഡി.എഫിലേക്കു വരാൻ സാദ്ധ്യത കാണുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി .ജെ ജോസഫ് ഇതുവരെ യു.ഡി.എഫി​നെതിരെ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിച്ചിട്ടില്ല. ജോസ് കെ .മാണിയും പി .ജെ.ജോസഫിനെതിരെ ഒരു രാഷ്ട്രീയ പ്രശ്‌നവും ഉന്നയിച്ചിട്ടില്ല. എൽ.ഡി.എഫിന് രാഷ്ട്രീയ നയങ്ങൾ പ്രചരിപ്പിച്ചുതന്നെ പാലായിൽ ജയിക്കാൻ കഴിയുമെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നുകരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ബി.ജെ.പി എല്ലാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കാറെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതു കണ്ടു. കണ്ണൂർ ഉൾപ്പെടെ പല മണ്ഡലങ്ങളിലും അവർക്കു കിട്ടേണ്ട വോട്ട് കിട്ടിയില്ല. രണ്ടു മണ്ഡലങ്ങൾ ഒഴികെ മറ്റിടങ്ങളിലെല്ലാം ഇഷ്ടംപോലെ വോട്ടു ചെയ്യാമെന്ന് ആർ.എസ്.എസ് നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചതാണ്. കേരളത്തിൽ ബി.ജെ.പി എപ്പോഴും യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ബി ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.