മട്ടന്നൂർ: മട്ടന്നൂർ ​​-കൂത്ത്പറമ്പ റൂട്ടിൽ എത് വാഹനത്തിൽ പോയാലും നടുവേദനയില്ലാതെ യാത്ര അവസാനിപ്പിക്കാനാവില്ലെന്ന സ്ഥിതിയാണിപ്പോൾ.അത്രയ്ക്ക് പരിതാപകരമായ സ്ഥിതിയിലാണ് ഇതുവഴിയുള്ള യാത്ര.
തലശ്ശേരി​​​-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് പൊളിച്ചിട്ടതോടെയാണ് ഈ ദുസ്ഥിതി. നെടുവോട്ടുംകുന്ന്, നെല്ലൂന്നി, ഉരുവച്ചാൽ, കരേറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചത്. ആറുമാസത്തിന് മുമ്പ് കുഴിയെടുത്തതിൽ പിന്നെ ഇവിടെ ഒന്നും നടന്നിട്ടില്ല. കനത്ത മഴ കൂടിയായതോടെ യാത്ര ദുഷ്കകരമായി.വാഹനങ്ങൾ റോഡിൽ പൂണ്ടുപോകുന്ന സ്ഥിതിയാണ് പലയിടത്തും.

ഉരുവച്ചാൽ ടൗണിൽ തലശ്ശേരി റോഡിൽ നീർവേലി പതിമൂന്നാം മൈൽ വരെ പാതി വഴിയിലാക്കിയ റോഡിൽ ടയറുകൾ പൂണ്ട് വാഹനങ്ങൾ അമർന്ന് പോവുന്നത് കാരണം മിക്കപ്പോഴും ഇവിടെ ഗതാഗതം തടസപ്പെടുന്നു.

റോഡ് വീതി കൂട്ടിയ സ്ഥലത്താണ് വാഹനങ്ങൾ നാഴ്ന്ന് പോവുന്നത്.തലശ്ശേരി ഭാഗത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുന്ന വാഹനങ്ങൾ കടന്നു പോവാൻ കഴിയാതെ ഏറെ പ്രയാസപ്പെടുകയാണ്. കരേറ്റയിൽ റോഡ് എണ്ണിയാൽ തീരാത്ത നിറയെ കുഴികളായിരിക്കയാണ്.

തലശേരി മുതൽ വളവുപാറ വരെ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് രണ്ടു റീച്ചുകളിലായി സർക്കാർ ടെൻഡർ നൽകിയത്. കള റോഡ് മുതൽ വളവുപാറ വരെയും റോഡ് നിർമാണം പൂർത്തിയായെങ്കിലും തലശേരി മുതൽ കള റോഡ് വരെയുള്ള പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. ഗർഭിണികൾക്കും
രോഗികൾക്കും ഈ റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
ബന്ധപ്പെട്ട അധികാരികൾ റോഡിന്റെ ദയനീയവസ്ഥ കണ്ട് മനസിലാക്കി വേണ്ട രീതിയിൽ ഇടപ്പെട്ട് റോഡ് പ്രവൃത്തി പൂർത്തീകരിക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

മട്ടന്നൂർ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാരും റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഇടയാകുന്നുണ്ട്.

കരേറ്റ, പഴശ്ശി, ഉരുവച്ചാൽ ഭാഗങ്ങളിൽ ഇനിയും പൂർത്തീകരിച്ചിട്ടില്ല. .ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നതിനാൽ മട്ടന്നൂർ നഗരത്തിൽ റോഡ് നവീകരണം തുടങ്ങിയിട്ടില്ല. ഇത് മഴയ്ക്കുശേഷം തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്.