കണ്ണൂർ: മംഗളൂരു ​​- കണ്ണൂർ പാതയിൽ ട്രെയിനുകളുടെ പകൽ ഇടവേള ആറുമണിക്കൂറോളം.പല ട്രെയിനുകളും കണ്ണൂരും അതിന് മുമ്പും യാത്രയവസാനിപ്പിക്കുമ്പോഴാണ് കണ്ണൂരിന് വടക്കുള്ള ജനങ്ങളോടുള്ള അനീതി.

തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ ഓടുന്ന വേണാട് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്നത് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. ആലപ്പുഴയിൽ നിന്ന് കണ്ണൂർ വരെ ഓടുന്ന എക്സിക്യുട്ടീവ് ട്രെയിൻ മംഗളൂരു വരെ നീട്ടണമെന്നും വർഷങ്ങൾക്ക് മുമ്പെ ആവശ്യമുയർത്തിയതാണ്. എം.പിമാർ വേണ്ട രീതിയിൽ ഇടപെടാത്തതാണ് ഇത് നീട്ടാത്തതിന് കാരണമെന്നാണ് നേരത്തെ ആരോപണമുയർന്നതാണ്. ഈ ട്രെയിനിന് ഡീസൽ എൻജിന്റെ ശേഷിക്കനുസരിച്ചുള്ള റണ്ണിംഗ് ടൈമാണ് ഇപ്പോഴും തുടരുന്നത്. ഇത് മംഗളൂരുവിലേക്ക് നീട്ടിയാൽ പിറ്റേന്ന് ഇതേ റാക്ക് ഉപയോഗിച്ച് ഇന്റർസിറ്റിയായി മടങ്ങി വരാം. കോഴിക്കോട് വരെ ഓടുന്ന ജനശതാബ്ദിയ്‌ക്കായി ഒരു റാക്ക് കൂടി അനുവദിച്ചാൽ ഇതും മംഗളൂരു വരെ നീട്ടാനാകും.

മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇപ്പോൾ തന്നെ ശേഷിയിലേറെ ട്രെയിൻ സർവീസ് നടത്തുന്നതായാണ് അധികൃതർ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനെ ഉപയോഗിക്കാമെന്നാണ് വാദം. അടുത്തിടെ തുടങ്ങിയ അന്ത്യോദയ ഈ രീതിയിലാണ് ഓപ്പറേറ്ര് ചെയ്യുന്നത്.

കണ്ണൂരിന് സമീപത്തെ വളപട്ടണം, ചിറക്കൽ, പാപ്പിനിശേരി തുടങ്ങിയ നിരവധി സ്റ്റേഷനുകളിൽ ആറ് മണിക്കൂറോളം പാസഞ്ചർ ട്രെയിൻ പോലും ഇല്ല. 2005ൽ ഉണ്ടായിരുന്ന പാസഞ്ചർ നിറുത്തിയിട്ടും പുന: സ്ഥാപിച്ചില്ല. അന്ന് പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ചാണ് ഇത് നിറുത്തിയത്.മംഗളൂരു വരെ വൈദ്യുതീകരണം പൂർത്തിയായി വർഷങ്ങളായിട്ടും കൂടുതൽ ട്രെയിനുകൾ സർവീസ് തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്.

പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 2005ൽ നിർത്തിയ പാസഞ്ചർ ഇനിയും പുനസ്ഥാപിച്ചില്ല

കണ്ണൂർ -കാസർകോട് റൂട്ടിലെ യാത്രാദുരിതവും കണക്കിലെടുക്കുന്നില്ല

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് മംഗളൂരുവിലേക്ക് നീട്ടിയാൽ രാത്രിയാത്രാക്ളേശത്തിന് പരിഹാരമാകും

തിരുവനന്തപുരം ഷൊർണൂർ വേണാട് എക്സ്പ്രസ് നീട്ടിയാൽ പകൽ നേരത്തെ ഇടവേള അവസാനിപ്പിക്കാം

കൂടുതൽ ട്രെയിനുകൾ ആരംഭിക്കാൻ പ്രയാസമുണ്ടെങ്കിൽ കണ്ണൂർ വരെ ഓടുന്ന ട്രെയിനുകൾ മംഗളൂരു വരെ നീട്ടണമെന്നും ദീർഘ ദൂര ട്രെയിനുകൾക്ക് നഗരസഭകളിലെ സ്റ്റേഷനുകളിലെങ്കിലും സ്റ്റോപ്പ് അനുവദിക്കണം​​​-റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധി സദാശിവൻ