ഇടത്തോട് റോഡിന് വകയിരുത്തിയത് 42 കോടി രൂപ
നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാർ ചെയ്തു നവീകരിക്കുന്നതോടെ കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഗതാഗതക്കുരുക്കിനും പരിഹാരമാകും.
കഴിഞ്ഞദിവസം പേരോൽ എൽ.പി. സ്‌കൂളിൽ നഗരസഭ അദ്ധ്യക്ഷൻ പ്രൊഫ. കെ.പി. ജയരാജന്റെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് റോഡ് വീതി കൂട്ടാൻ ഏകദേശ ധാരണയായത്. റോഡിന് സ്ഥലം വിട്ടുനൽകേണ്ട സ്ഥല ഉടമകളും പ്രദേശം ഉൾക്കൊള്ളുന്ന മേലധികാരികളും യോഗത്തിൽ സംബന്ധിച്ചിരുന്നു.
കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡ് മെക്കാഡം ടാർ ചെയ്യുന്നതിനു മുന്നോടിയായി റോഡ് വീതി കൂട്ടാൻ ആദ്യം 10 മീറ്റർ അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇപ്പോൾ നീലേശ്വരം - ഇടത്തോട് റോഡ് മെക്കാഡം ടാർ ചെയ്യുന്ന പ്രവർത്തി കിഫ്ബി പദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റോഡിന് മിനിമം 15 മീറ്ററെങ്കിലും വേണ്ടിവരുമെന്ന് കിഫ്ബി അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. ആദ്യം 10 മീറ്റർ അളന്ന് തിട്ടപ്പെടുത്തിയപ്പോൾ സ്ഥലഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ഇപ്പോർ കിഫ്ബി മുഖേന പദ്ധതി നടപ്പിലാക്കുമ്പോൾ സ്ഥലമുടമകൾക്ക് സ്ഥലത്തിന് മതിയായ തുക ലഭിക്കാനും സാദ്ധ്യതയുണ്ട്.
താലൂക്ക് ആശുപത്രി മുതൽ ചോയ്യങ്കോട് വരെ റവന്യു സ്ഥലമായതിനാൽ നഷ്ടപരിഹാരം നൽകേണ്ട ആവശ്യം വരുന്നില്ല.