തലശ്ശേരി:പ്രയാസപ്പെടുത്തുന്ന വ്യവസ്ഥകളോടെ നൽകുന്ന ജാമ്യം ഫലത്തിൽ ജാമ്യനിഷേധത്തിന് തുല്യമാണെന്നും ഇത്തരത്തിലുള്ള വ്യവസ്ഥകൾ രാജ്യത്ത് ആദ്യമായാണ് ഏർപ്പെടുത്തിയതെന്നും മുൻ ജഡ്ജ് എം .എ.നിസാർ പറഞ്ഞു. ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും കതിരൂരിൽ നടത്തിയ ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപത്തൊമ്പത് വർഷം മുമ്പ് സുപ്രീംകോടതിയിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യ വ്യവസ്ഥകൾ ഒരിക്കലും ക്ലേശകരമാകരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്. ഇവയെല്ലാം തള്ളിക്കളഞ്ഞാണ് സി.ബി.ഐ ഇത്തരത്തിൽ നീതിനിഷേധം നടത്തുന്നത് സങ്കടകരമായ കാര്യമാണ്. അന്വേഷണം കഴിഞ്ഞു കുറ്റപത്രവും നൽകിയ കേസിലാണ് ഇത്തരത്തിലൊരു നടപടി. അതത് പൊലീസ് സ്‌റ്റേഷൻ പരിധിയിലോ കൂടിയാൽ അതത് ജില്ലയിലോ പ്രവേശിക്കാൻ പാടില്ലെന്ന് മാത്രമാണ് വ്യവസ്ഥ ചെയ്യുക. ഇത് എറണാകുളം ജില്ലവിട്ട് വേറെ എവിടെയും പോകാൻ പാടില്ലെന്നാണ്. ഇത്തരമൊരു ജാമ്യവ്യവസ്ഥ രാജ്യത്താദ്യത്തെ സംഭവമാണ്.
കാരായിമാർക്കെതിരെ ഗുഢാലോചന കുറ്റമാണ് ചുമത്തിയത്. സി.ബി.ഐയുടെ പക്കൽ ഇതിന് ബലമേകുന്ന തെളിവുകളൊന്നുമില്ല. സി.ബി.ഐ എടുത്ത മൊഴികളുടെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും വെറുതെ വിടാവുന്ന കേസിൽ ഇത്തരം ജാമ്യവ്യവസ്ഥകൾ ചേർത്തത് സങ്കടകരമാണ്. ഇത്രയും മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടും ഇതുവരെയും കേന്ദ്ര–സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾ ഇതിൽ ഇടപെട്ടിട്ടില്ല. പത്ര–ദൃശ്യമാധ്യമങ്ങളും മനുഷ്യാവകാശ ലംഘനം ചർച്ചയാക്കിയിട്ടില്ല. ബാർ അസോസിയേഷനെങ്കിലും ഈ വിഷയം ഏറ്റെടുത്ത് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
എ.എൻ. ഷംസീർ എം.എൽ.എ അദ്ധ്യക്ഷനായി. ഫസലിന്റെ ജേഷ്ഠസഹോദരൻ അബ്ദു റഹ്മാൻ, വി വി രുഗ്മിണി, സംവിധായകന്മാരായ ഷെറി ഗോവിന്ദൻ, പ്രദീപ് ചൊക്ലി, ടി ദീപേഷ്, എ്ന്നിവരും അഡ്വ. കെ കെ രമേഷ്, കെ ലീല, എം സി പവിത്രൻ, പൊന്ന്യം ചന്ദ്രൻ, ടി എം ദിനേശൻ, അഡ്വ. കെ വിശ്വൻ എന്നിവർ സംസാരിച്ചു. കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ഒന്നാം ഓണനാളിൽ ഉപവസിച്ചത്.