കണ്ണൂർ : ഗോ എയറിന്റെ കുവൈറ്റ് കണ്ണൂർ കുവൈറ്റ് സെക്ടറിലേക്കുള്ള സർവീസ് ഈ മാസം 19 മുതൽ ആരംഭിക്കും. ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചു. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് പുറമെയാണ് ജിസിസിലേക്കുള്ള നാലാമത്തെ സർവീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേൺ ടിക്കറ്റ് നിരക്ക്. ദിവസവും സർവീസുണ്ടാകും.

ഗൾഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയർബസ് എ320 നിയോ എയർക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരിൽ നിന്നും സർവീസ്. കൂവൈറ്റിൽ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സർവീസ്.

കുവൈറ്റ് കണ്ണൂർ റൂട്ടിലെ വിമാന സർവീസുകൾ പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജേ വാഡിയ പറഞ്ഞു. കുവൈറ്റ് കണ്ണൂർ കുവൈറ്റ് സെക്ടറിനു വലിയ ആവശ്യമുണ്ടായിരുന്നും അതിനാൽത്തന്നെ സമയനിഷ്ഠ, താങ്ങാനാവുന്ന വില, സൗകര്യം എന്നീ ഞങ്ങളുടെ അടിസ്ഥാന ബിസിനസ് തത്വങ്ങളിലൂന്നിയാണ് പുതിയ സംരംഭത്തിലേക്കിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു .

ഗോ എയർ നിലവിൽ ദിവസവും 300 ലധികം ഫ്‌ളൈറ്റ് സർവീസുകൾ നൽകുന്നു. ജൂലായ് മാസം 13.26 ലക്ഷം യാത്രക്കാരാണ് ഗോ എയർ വിമാനങ്ങളിൽ യാത്ര ചെയ്തത്.

ബാങ്കോക്ക്, ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, കുവൈറ്റ് എന്നിങ്ങനെ ഏഴ് അന്താരാഷ്ട്ര സർവീസുകളും അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബെംഗളൂരു, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കൊച്ചി, കൊൽക്കത്ത, കണ്ണൂർ, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പാറ്റ്‌ന, പോർട് ബ്ലെയർ, പൂനെ, റാഞ്ചി, ശ്രീനഗർ എന്നീ ആഭ്യന്തര സർവീസുകളും ഗോ എയർ നടത്തിവരുന്നു.