mullappally

ചെറുപുഴ: ചെറുപുഴയിലെ കെ. കരുണാകരൻ സ്മാരക ആശുപത്രി കെട്ടിട നിർമ്മാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫ് ആത്മഹത്യ ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ സാമ്പത്തിക ബാദ്ധ്യത പാർട്ടി പരിഹരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇന്നലെ ജോസഫിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ട ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് ജോസഫിനു ലഭിക്കാനുള്ള തുക ലഭ്യമാക്കാനുള്ള നടപടികൾക്ക് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയെ ചുമതലപ്പെടുത്തി. മറ്റ് സാമ്പത്തിക ബാദ്ധ്യതകൾ സംബന്ധിച്ച് കുടുംബാംഗങ്ങളുമായി ആലോചിച്ച് സഹായം ലഭ്യമാക്കും. ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമത്തിന്റെ വഴിയിൽ നീങ്ങട്ടെയെന്നാണ് കോൺഗ്രസിന്റെ നിലപാട്. പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ കെ.പി.സി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. അഞ്ചു ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.