.ചെറുപുഴ : ചെറുപുഴയിലെ കെ. കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ കെട്ടിടം നിർമ്മിച്ച വകയിൽ പണം കിട്ടാതായതിനെ തുടർന്ന് ജീവനൊടുക്കിയ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ കുടുംബത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ ചൂരപ്പടവിലെ ജോസഫിന്റെ വീട്ടിലെത്തിയ മുല്ലപ്പള്ളി ജോസഫിന്റെ മകൻ ഡെൻസിനെ ചേർത്തുനിറുത്തി വികാരാധീനനായി. തന്റെ പപ്പയുടെ മരണത്തിൽ പ്രദേശിക കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്നും തങ്ങൾക്ക് നീതി ലഭിക്കാൻ ഇടപെടണമെന്നും കാണിച്ച് ഡെൻസ് കഴിഞ്ഞദിവസം മുല്ലപ്പള്ളിക്കെഴുതിയ കത്ത് ഏറെ ചർച്ചയായിരുന്നു. ഡെൻസ് എഴുതിയ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെങ്കിലും മാദ്ധ്യമങ്ങളിലൂടെ മനസ്സിലാക്കിയതു പ്രകാരം അതിലെഴുതിയ എല്ലാ കാര്യങ്ങൾക്കും പരിഹാരം കാണാൻ താൻ ശ്രമിക്കുമെന്ന് മുല്ലപ്പള്ളി കുടുംബത്തെ അറിയിച്ചു.
ജോസഫിന്റെ ഭാര്യ മിനി, മകൾ മെലീസ എന്നിവരെയും മുല്ലപ്പള്ളി ആശ്വസിപ്പിച്ചു. ജോസഫിന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ച് സഹോദരങ്ങൾക്കും ഭാര്യാ സഹോദരൻമാർക്കും പറയാനുള്ളത് മുല്ലപ്പള്ളി സശ്രദ്ധം കേട്ടു. മാധ്യമങ്ങളെ മാറ്റിനിർത്തി കുടുംബംഗങ്ങളൊടൊപ്പം ഏറെ നേരം മുറിയിൽ ചെലവഴിച്ച് അവർക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷമാണ് പ്രസിഡന്റ് പുറത്തേക്കിറങ്ങിയത്. ജോസഫിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കുമുണ്ടായ വേദനയിൽ പങ്കുചേരുന്നുവെന്നും അറിയിച്ചശേഷമാണ് നേതാക്കൾക്കൊപ്പം മുല്ലപ്പള്ളി മടങ്ങിയത്.
ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ അംഗങ്ങളായ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, കെ.പി. അനിൽകുമാർ എന്നിവരും മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്നു