മധുര: തമിഴ്‌നാട് മധുര വാടിപ്പട്ടിക്കടുത്ത് മൂന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് നാല് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ മാതാവും രണ്ട് മക്കളും ഉൾപ്പെടുന്നു. മലപ്പുറം കുറ്റിപ്പുറം പേരശന്നൂർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന (39), മക്കളായ ഫസൽ (19), സഹന (7), വളാഞ്ചേരി മൂടാൻ സ്വദേശി ഹിളാർ (47) എന്നിവരാണ് മരിച്ച മലയാളികൾ. ഏർവാടിയിലേക്ക് തീർത്ഥയാത്രപോയ റസീനയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.
ബൈക്കുമായി കൂട്ടിയിടിച്ചാണ് ഈ കാറിന്റെ നിയന്ത്രണംവിട്ടത്. ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമിയും (41) അപകടത്തിൽ മരിച്ചു. കാറിലുണ്ടായിരുന്ന സിസാന (18) ഗുരുതര പരിക്കുകളോടെ മധുരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. കാറുകൾ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഹിളാറും റസീനയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽപെട്ട ആന്ധ്രാപ്രദേശിലേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന പ്രവീൺ, സജിത, കിരൺ എന്നിവരും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.