തളിപ്പറമ്പ്: നിർത്തിയിട്ട കാറുകളുടെ സൈഡ് മിററുകൾ തകർത്ത് അകത്തുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ വിരുതനെ ഒടുവിൽ തളിപ്പറമ്പ് പൊലീസ് അറസ്റ്റുചെയ്തു. പുഷ്പഗിരിയിലെ മാടാളൻ പുതിയപുരയിൽ അബ്ദുൾമുജീബിനെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ടി.രത്നകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 17 ഓളം കാറുകൾ തകർത്ത് മോഷണം നടത്തിയതടക്കം 20 ഓളം കേസുകളാണ് ഈയാളുടെ പേരിലുള്ളത്.ഇതിൽ കവർച്ച നടത്തിയ എട്ട് കേസുകളിലാണ് അറസ്റ്റ്. മറ്റ് കേസുകളിലെ അന്വേഷണത്തിന് ഈയാളെ കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ ദിവസം സനേക്ക് പാർക്കിന് സമീപത്തു നിന്നും പറശിനിക്കടവ് പാലത്തിന് സമീപത്തു നിന്നും രണ്ട് കാറുകൾ തകർത്ത് പണം കവർന്ന സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത് . അന്വേഷണത്തിൽ നേരത്തെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപത്ത് നിർത്തിയിട്ട കാറുകളിൽ നടന്ന കവർച്ചയുടെ തുമ്പ് ലഭിച്ചു.ഇതിൽ രാമന്തളി സ്വദേശി രേഷ്മയുടെ കാറിൽ നിന്ന് ലഭിച്ച മൂന്നര പവൻ തളിപ്പറമ്പിലെ ജ്വല്ലറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മറ്റൊരിക്കൽ കുറ്റിക്കോലിലെ ഹരിദാസിന്റെ കാറിൽ നിന്നും മോഷ്ടിച്ച 74 ബഹറിൻ ദിനാർ തളിപ്പറമ്പിലെ ഒരു വാച്ച് കമ്പനിയിൽ നിന്നും ഈയാൾ മാറ്റിയെടുത്തിരുന്നു. ഇതും പൊലീസ് കണ്ടെടുത്തു.

ഇത് കൂടാതെ രണ്ടുമാസം മുമ്പ് ദന്തരോഗ വിദഗ്ദ്ധൻ ഡോ.ടി.അബ്ദുൾ സമദിന്റെ കാറിൽ നിന്നും പരിയാരം മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ട പയ്യന്നൂരിലെ കമ്മാരപൊതുവാളുടെ കാറിൽ നിന്നും 40,000 രൂപ വീതം കവർന്നതും താൻ തന്നെയാണെന്ന് മുജീബ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പറശിനിക്കടവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ദൂരദേശങ്ങളിൽ നിന്നുള്ളവരുടെ നിർത്തിയിട്ട കാറുകളിൽ നിന്നും സ്‌കെയിൽ ഉപയോഗിച്ച് ഡോർ വിദഗ്ദ്ധമായി തുറന്ന് വ്യാപകമായി കവർച്ച നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇതിൽ ഒട്ടുമിക്ക സംഭവങ്ങളിലും പരാതികൾ ലഭിച്ചിട്ടില്ല.
ശബ്ദം കേൾക്കാതെ സ്‌കെയിൽ ഉപയോഗിച്ച് കാറിന്റെ ഡോർ എളുപ്പത്തിൽ തുറക്കാനുള്ള വിദ്യ യൂട്യൂബ് വഴിയാണ് മനസിലാക്കിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തളിപ്പറമ്പ് മജിസ്‌ട്രേട്ടിന്റെ ചുമതലയുള്ള തലശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ മുജീബിനെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി നാളെ ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് എസ് ഐ കെ.പി.ഷൈൻ അറിയിച്ചു.അന്വേഷണസംഘത്തിൽ സി.ഐ സത്യനാഥ്, എസ്.ഐ കെ.വി. ഷൈൻ അശെ രഘുനാഥ്, അബ്ദുൾ റൗഫ്, സ്നേഹേഷ്, ബിനിഷ്.രാജീവൻ തുടങ്ങിയവരും ഉണ്ടായിരുന്നു.


കുടുക്കിയത് ആയുർവേദ കോളേജിലെ സി.സി. കാമറ

ഈ കഴിഞ്ഞ വ്യാഴാഴ്ച സ്നേക്ക് പാർക്കിന് സമീപത്ത് നിർത്തിയിട്ട ചുഴലി ചാലുവയൽ സ്വദേശി കുറ്റിയത്ത് ഹൗസിൽ കെ തോമസിന്റെ മാരുതി ആൾട്ടോ കാറിൽ മുജീബ് ആദ്യം കവർച്ചക്ക് ശ്രമം നടന്നത്. പിറകിലെ ഡോർ തകർത്തുവെങ്കിലും ഒന്നും കിട്ടിയില്ല. മോഷ് ടാവിന്റെ ദൃശ്യങ്ങൾ തൊട്ടടുത്ത എം വി ആർ ആയുർവേദ കോളജിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞത് ആണ് കേസിന് തുമ്പായത്
ഈ സംഭവത്തിന് ശേഷം പറശിനിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീൺകുമാറിന്റെ മാരുതി 800 കാർ തകർത്ത് സഹോദരിയുടെ വാനിറ്റി ബാഗിൽ സൂക്ഷിച്ചിരുന്ന 18,000 രൂപ കവർന്നു. വൈകുന്നേരം നാലരയോടെ കാർ നിർത്തിയിട്ട് പറശിനിക്കടവ് ക്ഷേത്രത്തിൽ പോയതായിരുന്നു ഇവർ. ഒരു മണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാർ ഡോർ തകർത്ത നിലയിൽ കണ്ടത്.
ഈ സംഭവത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ മാസം 31 ന് രാത്രി രാജരാജേശ്വരക്ഷേത്ര പരിസരത്തും രണ്ട് കവർച്ചകൾ നടന്നിരുന്നു. ബഹറൈനിൽ ജോലി ചെയ്യുന്ന ഏഴാംമൈൽ വടക്കാഞ്ചേരി റോഡിലെ ഹരിദാസിന്റെ കാറിന്റെ ഡോർ തകർത്ത് 74 ബഹറിൻ ദിനാർ( ഇന്ത്യൻ രൂപ 14,000) , ഐഫോൺ ഉൾപ്പെടെ രണ്ട് മൊബൈൽ ഫോൺ, പിൻ നമ്പർ രേഖപ്പെടുത്തിയ എ.ടി.എം കാർഡ്, വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയും മോഷ്ടിക്കുകയായിരുന്നു. പിന്നീട് രാത്രി പന്ത്രണ്ടോടെ സാൻജോസ് സ്‌കൂൾ വളപ്പിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ ഐഫോണും മറ്റു രേഖകളും കണ്ടെത്തി. അന്ന് മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞത് പൊലീസിന് ലഭിച്ചിരുന്നു.എന്നാൽ ആളെ വ്യക്തമല്ലാത്തതിനാൽ തിരിച്ചറിയാൻ കഴിഞ്ഞില്ല.

ആദ്യ മോഷണം സയ്യിദ് നഗറിൽ
കഴിഞ്ഞ ജനുവരി 17 നാണ് തളിപ്പറമ്പിൽ കാർ തകർത്തുള്ള മോഷണത്തിന്റെ തുടക്കം. കരിമ്പം സ്വദേശി മൊയ്തീന്റെ സ്വിഫ്റ്റ് കാറിന്റെ ചില്ല് തകർത്ത് ബാഗ് കവർന്നെങ്കിലും ചോറ്റുപാത്രം മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. തളിപ്പറമ്പ് ടൗണിലെ തന്റെ കടപൂട്ടി രാത്രി 9 മണിയോടെ നെല്ലിപറമ്പിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മൊയ്തീൻ . അന്നേ ദിവസം മണിക്കുറുകൾക്കുള്ളിൽ പുഷ്പഗിരി സ്വദേശി വി.വി അബ്ദുള്ളയുടെ ഇന്നോവയുടെ ചില്ല് തകർത്ത് സിറ്റിൽ വെച്ചിരുന്ന ബാഗ് കവർന്നു. ഈ ബാഗിനുള്ളിൽ രണ്ടേകാൽ ലക്ഷം രൂപയും ഡ്രൈവിംഗ് ലൈസൻസ്.പാൻ കാർഡ്, തുടങ്ങിയ രേഖകളുമാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷം ഫെബ്രുവരി ഒന്നിന് പട്ടാപകൽ മന്നയിലെ വ്യാപാരിയായ ഉമ്മർ കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിൻസീറ്റിനരികിലുള്ള ചില്ല് തകർത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗും മോഷ്ടിച്ചു. ഈ സംഭവങ്ങളോടെ
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലു മോഷ്ടാവിനെക്കുറിച്ച് തുമ്പ് ലഭിച്ചില്ല.
.ജനുവരിയിൽ നടന്ന മോഷണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കെയാണ് ഉമ്മർ കുട്ടിയുടെ വണ്ടി തകർത്ത് പണം അപഹരിച്ചത് .ഇതോടെ കസ്റ്റഡിയിൽ എടുത്തയാളെ വിട്ടയച്ച പൊലീസ് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ ശ്രമം തുടങ്ങി.

തളിപ്പറമ്പിലെ എ.ബി.സി. ഗ്രൂപ്പ് പാർട്ണറും ഏഴാംമൈൽ സ്വദേശിയുമായ തസ്ലിമിന്റെ ഇന്നോവ വണ്ടിയുടെ പിൻ നിരയിലെ ചില്ല് തകർത്ത് സീറ്റിൽ വച്ചിരുന്ന രേഖകൾ അടങ്ങിയബാഗും കവർച്ച ചെയ്തതാണ് മറ്റൊരു സംഭവം. .

പ്രതി 1. മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബ്

സമൂഹത്തിൽ ഉന്നതൻ,​ സമ്പന്നൻ

തളിപ്പറമ്പ് : ഇത്രയും കാലം തളിപ്പറമ്പിന്റെ സ്വാസ്ഥ്യം കെടുത്തിയ മോഷ്ടാവിനെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം നാട്ടുകാരിൽ അമ്പരപ്പാണുണ്ടാക്കിയത്. മാടാളൻ പുതിയ പുരയിൽ അബ്ദുൾ മുജീബ് എന്നയാളെക്കുറിച്ച് ഇങ്ങനെയൊരു ചിത്രമല്ല ഇവരിലാർക്കുമുണ്ടായിരുന്നത്. നല്ല വസ്ത്രം ധരിച്ച് ഇൻഷർട്ട് ചെയ്തു ഹെൽമറ്റ് ധരിച്ച് മാത്രം യാത്ര, തളിപ്പറമ്പ് ടൗണിലെ ബഹുനില കെട്ടിടത്തിന്റെ സഹ ഉടമയാണീയാൾ. നടുവിൽ അഞ്ചേക്കർ റബ്ബർ തോട്ടം, തളിപ്പറമ്പിലെ വ്യാപാര പ്രമുഖരുടെ കുടുംബാംഗവുമാണ്.കളവ്മുതൽ വഴിവിട്ട ബന്ധത്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൂട്ടത്തിൽ ഒരു യുവതിയ്ക്ക് ഈയാൾ കാർ വാങ്ങിക്കൊടുത്തതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.