നീലേശ്വരം: വനിതാ ഫുട്‌ബാൾ താരം എസ്. ആര്യശ്രീക്ക് കായിക വകുപ്പ് വീടു നിർമ്മിച്ച് നൽകുമെന്ന് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിൽ വിവിധ പദ്ധതികളും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ആര്യശ്രീക്ക് വീട് നിർമിക്കാനായി ഉണ്ടാക്കിയ ജനകീയ കമ്മിറ്റിക്ക് ഭവന നിർമ്മാണ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ നിർമ്മാണ ചുമതല കിറ്റ്‌കോയെ ഏൽപ്പിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മൂന്നു മാസം മുമ്പ് മുൻ എം.പി പി. കരുണാകരന്റെയും തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലന്റെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ആര്യശ്രീ ഭവനം നിർമ്മിച്ചു തരാനായി നിവേദനം സമർപ്പിച്ചപ്പോൾ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു.
സംസ്ഥാന - ദേശീയ വനിതാ ഫുട്‌ബാൾ ടീം അംഗമായ ആര്യശ്രീ നീലേശ്വരം തെക്കൻ ബങ്കളം സ്വദേശികളായ ഷാജുവിന്റെയും ശാലിനിയുടെയും മൂത്ത മകളാണ്. കക്കാട് ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. സഹോദരൻ അഭിനവ് ഈ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഭൂട്ടാൻ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച ടീമിൽ ഈ മിടുക്കിയും ഉണ്ടായിരുന്നു.
പിതാവ് ഷാജുവിന്റെ ലോട്ടറി വിൽപനയാണ് കുടുംബത്തിന്റെ ഏക വരുമാന മാർഗം. നീലേശ്വരം മുനിസിപ്പാലിറ്റിക്ക് കീഴിലെ തെക്കൻ ബങ്കളത്ത് ശാലിനിയുടെ അച്ഛൻ നൽകിയ 10 സെന്റ് സ്ഥലത്തെ ഷെഡിലാണ് ഇവർ താമസിക്കുന്നത്. സ്വന്തമായി ഒരു വീട് എന്നത് ഈ നാലംഗ കുടുംബത്തിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു. മന്ത്രി തങ്ങൾക്ക് ഭവനം നിർമ്മിച്ച് തരുമെന്ന സന്തോഷ വാർത്ത അറിഞ്ഞ ആര്യശ്രീയും കുടുംബവും നീലേശ്വരത്തെത്തി മന്ത്രിക്ക് നന്ദി പറഞ്ഞു.
നീലേശ്വരം മുൻസിപ്പൽ കൗൺസിലർ എം.വി സുരേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, നീലേശ്വരം ഏരിയ സെക്രട്ടറി ടി.കെ രവി, സ്‌കൂൾ വികസന സമിതി ചെയർമാൻ വി. പ്രകാശൻ, വീട് നിർമാണ കർമ്മ സമിതി കൺവീനർ പി.വി സതീശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇവർ മന്ത്രിയെ സന്ദർശിച്ചത്.