തലശ്ശേരി: ശവശരീരം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ കലർത്തിയ ഐസ്‌കട്ട നിർമ്മിച്ച് കച്ചവടാവശ്യത്തിന് മാസങ്ങളോളം വിറ്റഴിച്ചിട്ടും തലശ്ശേരി നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മൗനം പാലിച്ചത് വിവാദമായി. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നെത്തിയ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിലാണ് പഴയ ബസ്‌സ്റ്റാൻഡിലെ ജൂബിലി മത്സ്യ മാർക്കറ്റിനോട് ചേർന്ന ഫാക്ടറിയിൽ നിന്ന് ഫോർമാലിൻ ചേർത്ത ഐസ് കണ്ടെത്തിയത്.
മത്സ്യം സൂക്ഷിക്കുന്ന ഐസ് ബ്ളോക്കുകളിൽ വ്യാപകമായി ഫോർമാലിൻ ചേർക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. തുടർന്ന് ഒരു ഫാക്ടറിയിൽ നിർമ്മിക്കുന്ന ഐസ് ബ്ളോക്കുകളിൽ ഫോർമലിൻ അടങ്ങിയതായി കണ്ടെത്തി. ഈ സ്ഥാപനം അധികൃതർ താത്കാലികമായി അടച്ചുപൂട്ടിക്കുകയും ചെയ്തു. ഇത്തരം ഐസ് ബ്ളോക്കുകളിൽ സൂക്ഷിച്ച മത്സ്യം പരിശോധിച്ചപ്പോഴും വലിയ അളവിൽ ഫോർമാലിൻ കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഭക്ഷ്യ സുരക്ഷ എൻഫോഴ്‌സ്‌മെന്റ് അസി.കമ്മിഷണർ പി.കെ.ഗൗരിഷ്, ഉദ്യോഗസ്ഥരായ ജിതിൻ.യു, ആദർശ് വിജയ്.സുരേഷ് ഋഷികേഷ് എന്നിവരാണ് റെയ്ഡ് നടത്തിയത്.
അതേസമയം ഒരു വർഷമായി തലശ്ശേരിയിൽ നഗരസഭാ ഹെൽത്ത് വിഭാഗം ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തൊട്ടടുത്ത ഗ്രാമ പഞ്ചായത്തുകളിൽ പോലും ആഹാരസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഉത്തരവാദപ്പെട്ടവർ ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്. എന്നാൽ തലശ്ശേരിയിലെ ഉദ്യോഗസ്ഥർ കൈകൾ കെട്ടിയ അവസ്ഥയിലാണ്.
നഗരത്തിലെ ഒരു കടയിൽ നിന്ന് ഷവർമ്മ കഴിച്ച ഒരാൾ കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. പരാതിയില്ലാത്തതിനാൽ സംഭവം പുറം ലോകമറിഞ്ഞില്ല. ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും പരിശോധിക്കാനാളില്ല.
എന്താണ് ഫോർമാലിൻ ?
മൃതദേഹങ്ങൾ അഴുകാതെയിരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു. വിപണിയിൽ ഏറ്റവും ആവശ്യക്കാരേറിയ പാൽ, മീൻ, ഇറച്ചി തുടങ്ങിയവ കേടാതിരിക്കാൻ ഇത് ഉപയോഗിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
മനുഷ്യശരീരത്തിലെത്തിയാൽ
ഫോർമാലിൻ അധികം നമ്മുടെ ശരീരത്തിലെത്തിയാൽ കാൻസർ, ആമാശയ രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെയധികം വർദ്ധിക്കും. ശ്വസന ബുദ്ധിമുട്ടുകൾ. കുട്ടികളിൽ ജനന വൈകല്യം
ശ്രദ്ധിക്കേണ്ടത്
ഫോർമാലിൻ ചേർത്ത മീനിന്റെ മാംസം ഉറപ്പുള്ളതും റബ്ബർപോലെ വലിയുന്നതും ആണ്. ചെതുമ്പലുകളിൽ നിന്നു കണ്ണിൽനിന്നുമെല്ലാം ചോര കിനിഞ്ഞിറങ്ങിയപോലെ ചുവന്ന നിറവും കാണാം.
കണ്ടെത്താം
ലബോറട്ടറി രാസവസ്തുക്കൾ വിൽക്കുന്ന പട്ടണത്തിലെ കടയിൽ നിന്നും 'മെർക്രോ ക്രോം' സൊല്യൂഷൻ വാങ്ങുക.
വാങ്ങിയ മീനിൽ നിന്നും ഇറ്റുവീഴുന്ന 10 മില്ലി വെള്ളത്തിൽ 10മില്ലി മെർക്രോ ക്രോം സൊല്യൂഷൻ ചേർക്കുക. ഇത് 'പർപ്പിൾ കളർ' ആവുകയാണെങ്കിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം.