മട്ടന്നൂർ: മട്ടന്നൂരിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ തറക്കല്ലിടൽ അടുത്ത മാസം ആദ്യ വാരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. കൂട്ടായ പ്രവർത്തനത്തിലൂടെ ഒരു വർഷം കൊണ്ട് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
മട്ടന്നൂർ കോടതിക്ക് സമീപം പഴശ്ശി ജലസേചന പദ്ധതിയുടെ ഉടമസ്ഥതയിൽ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആശുപത്രി നിർമ്മിക്കുക. ആദ്യഘട്ടത്തിന് കിഫ്ബിയിൽനിന്ന് 71.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ നാലുനിലക്കെട്ടിടമാണ് ആശുപത്രിക്കായി നിർമ്മിക്കുക. ആദ്യഘട്ടത്തിൽ നൂറു കിടക്കകളാണുണ്ടാവുക.
സംഘാടക സമിതി യോഗത്തിൽ നഗരസഭാധ്യക്ഷ അനിതാ വേണു അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ.നാരായൺ നായിക്, ഡോ.ഷാജ്, വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കെ.ഭാസ്‌കരൻ, കെ.ടി.ചന്ദ്രൻ, ടി.കൃഷ്ണൻ, ഡി.പി.എം. ഡോ.കെ.വി.ലതീഷ്, കെ.എസ്.ഇ.ബി കൺസൾട്ടന്റ് എസ്.അനിൽ കുമാർ, കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.പി.ജോസ് തുടങ്ങിയവർ പങ്കെടുത്തു. സംഘാടക സമിതിയെയും 101 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഭാരവാഹികൾ: അനിതാ വേണു(ചെയർപേഴ്സൺ), കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.രാജൻ(വൈസ് ചെയർമാൻ), പി.പുരുഷോത്തമൻ (ജനറൽ കൺവീനർ), മാലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻ (ജോയിന്റ് കൺവീനർ).