കാസർകോട്: കാസർകോട്, തലപ്പാടി, നീലേശ്വരം കാലിക്കടവ് നാഷണൽ ഹൈവേയുടെ തകർച്ചയ്‌ക്ക് പരിഹാരം കാണാത്ത കേന്ദ്ര ഗവൺമെന്റിന്റെയും നാഷണൽ ഹൈവേ അതോറിട്ടി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. 24 മണിക്കൂർ നിരാഹാര സമരം നടത്തുന്നു. 20ന് രാവിലെ ഒമ്പതു മുതൽ 21 ന് രാവിലെ ഒമ്പതു വരെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് സമരം.
20 ന് രാവിലെ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. 21 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപനം ഉദ്ഘാടനം ചെയ്യുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.പി. സി സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി. സി. പ്രസിഡന്റ് ഹക്കിം കുന്നിൽ എന്നിവരും പങ്കെടുത്തു.