ഇരിട്ടി: ജനങ്ങളെ ഭീതിലാക്കി തൊട്ടിപ്പാലത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. വീട്ടുമുറ്റം വരെ എത്തുന്ന ആനക്കൂട്ടം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി തീർക്കുകയാണ്. കഴഞ്ഞയാഴ്ച രണ്ടു തവണ ഇതേമേഖലയിൽ കാട്ടാനക്കൂട്ടമെത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. മണിക്കൂറുകളോളം വാതിലടച്ച് മുറിക്കുള്ളിൽ ഇരുട്ടിൽ കഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് പ്രേദേശവാസികൾ പറഞ്ഞു. മാക്കൂട്ടത്തെ കർണ്ണാടക ബ്രഹ്മഗിരി മലനിലകളിൽ നിന്നാണ് ആനക്കൂട്ടം എത്തുന്നത്. അതുകൊണ്ട് തന്നെ ആനയിറങ്ങിയിട്ടുണ്ടെന്ന് അധികൃതരെ അറിയിക്കാൻപോലും പ്രദേശവാസികൾക്ക് കഴിയുന്നില്ല.
വെള്ളിയാഴ്ച രാത്രി 10 മണി കഴിഞ്ഞാണ് ആനക്കൂട്ടം എത്തിയത്. വീട്ടുപറമ്പിൽ നിന്ന് വാഴകൾ പറിച്ചെടുക്കുന്ന ശബ്ദംകേട്ടാണ് വീട്ടുകാർ അറിയുന്നത്. രണ്ട് കുട്ടിയാനകൾക്കൊപ്പം എത്തിയ ആനകൾ ഉൾപ്പെട്ട സംഘം വ്യാപകമായ കൃഷി നാശമാണ് പ്രദേശത്ത് വരുത്തിവെച്ചത് .
കൊങ്ങാട്ടിൽ മുനീർ, സി.എച്ച്. ഹംസമുസ്ല്യാർ, ഫാത്തിമ്മക്കുട്ടി, യു.വി. മുഹമ്മദ്, കെ. ഇബ്രാഹിം, ചെമ്പയിൽ ഹംസ, തറുത്തേൻ കുഞ്ഞിമൊയ്തീൻ, ചെമ്പയിൽ കുഞ്ഞബ്ദുള്ള, ഉപ്പുകളത്തിൽ അഹമ്മദ്, നടുത്തടി പോക്കർ, തെക്കേടത്ത് കരീം എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചു. നാട്ടുകാർ പാത്രങ്ങൾ കൊട്ടി ഒച്ചയുണ്ടാക്കിയും മറ്റുമാണ് ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിയത്.

പേരട്ട തൊട്ടിപ്പാലത്ത് കാട്ടാനക്കൂട്ടം നശിപ്പിച്ച തെങ്ങുകളും വാഴകളും