highway

കണ്ണൂർ: ദേശീയപാത വികസനത്തിന് വിലനിർണയം പൂർത്തിയാക്കിയ സ്ഥലത്തിന്റെ നഷ്ടപരിഹാരം വിതരണം ചെയ്യാൻ ജില്ല‌യ്‌ക്ക് 300കോടി രൂപ കൂടി അനുവദിക്കാൻ ദേശീയപാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ഉടൻ തുക അനുവദിച്ചില്ലെങ്കിൽ പദ്ധതി പാതിവഴിയിലാകുമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. 2012–13 ൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച തളിപ്പറമ്പ് സെക്‌ഷന് 100 കോടിയും കണ്ണൂർ സെക്‌ഷന് 200 കോടി രൂപയുമാണ് ദേശീയപാത വിഭാഗം ആവശ്യപ്പെട്ടത്.


കണ്ണൂർ ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ ഡപ്യുട്ടി തഹസിൽദാറുടെ പരിധിയിൽവരുന്ന എളയാവൂർ വില്ലേജിൽ മാത്രം നഷ്ടപരിഹാരം നൽകാൻ 85 കോടി രൂപ വേണം. അടുത്തിടെ അനുവദിച്ച 41 കോടി രൂപ ഉൾപ്പെടെ ജില്ലക്ക് 647 കോടി രൂപ സ്ഥലമെടുപ്പിന് ഇതുവരെ അനുവദിച്ചിട്ടുണ്ട്. തളിപ്പറമ്പ് താലൂക്കിൽപ്പെട്ട കരിവെള്ളൂർ, വെള്ളൂർ, കോറോം, പരിയാരം, മൊറാഴ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കിലെ കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, ഏഴോം, കല്യാശേരി, പാപ്പിനിശേരി വില്ലേജുകളിൽ ഭൂമിവിലയായി 412.14 കോടി രൂപയും കണ്ണൂർ സെക്‌ഷൻ പരിധിയിൽ വരുന്ന എളയാവൂർ, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട് വില്ലേജുകൾക്കായി 194 കോടി രൂപയും നേരത്തെ അനുവദിച്ചിരുന്നു.


ചിറക്കൽ, പുഴാതി, വലിയന്നൂർ വില്ലേജുകളിൽ വിലനിർണയ നടപടികൾ പൂർത്തിയാകുന്നതേയുള്ളൂ. 300 കോടി രൂപ കൂടി ലഭിച്ചാൽ തളിപ്പറമ്പ് സെക്‌ഷൻ പരിധിയിൽ വരുന്ന കരിവെള്ളൂർ മുതൽ പാപ്പിനിശേരി വരെയുള്ള 12 വില്ലേജുകളിലും എളയാവൂരിലും നഷ്ടപരിഹാരം വിതരണം ചെയ്യാം.
മുഴപ്പിലങ്ങാട് വരെ റോഡ് വികസിപ്പിക്കും. കരിവെള്ളൂർ മുതൽ മുഴപ്പിലങ്ങാട് വരെ ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടത്തിനും നഷ്ടപരിഹാരം നൽകാൻ രണ്ടായിരത്തിൽപരം കോടിരൂപ ആവശ്യമാണ്. മുഴപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള തലശേരി–മാഹി ബൈപാസിന്റെ സ്ഥലമെടുപ്പ് പൂർത്തിയായി പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

ദേശീയപാത വികസനം:

കരിവെള്ളൂർ - മുഴപ്പിലങ്ങാട് 69 കിലോമീറ്റർ

ബൈപ്പാസുകൾ:

വെള്ളൂർ കോത്തായിമുക്ക് -എടാട്ട് 5.7 കിലോമീറ്റർ

കുപ്പം - കുറ്റിക്കോൽ 5.9 കിലോമീറ്റർ

കല്യാശേരി - എളയാവൂർ 18 കിലോമീറ്റർ

സ്ഥലമെടുപ്പ് അന്തിമഘട്ടത്തിൽ:

പൊടിക്കുണ്ട്- കൊറ്റാളി, മന്ന- ചാല റോഡുകളുടെ സ്ഥലമെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ഈ ഭാഗത്ത് വീടുകൾ കുറവാണെന്നത് അനുകൂലഘടകമായിട്ടുണ്ട് .എന്നാൽ മുന്നൂറോളം വ്യാപാര സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരും. പൊടിക്കുണ്ട്- കൊറ്റാളി റോഡിൽ അതിർത്തി നിർണയിച്ച് കല്ലിട്ട് കഴിഞ്ഞു. മന്ന മുതൽ ചാല ബൈപാസ് വരെയുള്ള സ്ഥലമെടുപ്പ് പകുതിയോളം പൂർത്തിയായി.ചിലയിടങ്ങളിലെ പ്രതിഷേധം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്.

തലശേരി - മാഹി ബൈപാസ് അടുത്ത വർഷം പൂർത്തിയാകും:
കണ്ണൂർ മുഴപ്പിലങ്ങാട് നിന്ന് തുടങ്ങി കോഴിക്കോട് അഴിയൂരിൽ അവസാനിക്കുന്ന 18 കിലോമീറ്റർ തലശ്ശേരി മാഹി ബൈപാസിനു 1181.82 കോടി രൂപയാണ് ചെലവ്. ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. 2017 ഡിസംബറിൽ ദേശീയപാത അതോറിറ്റിയുടെ നിർമാണാനുമതി ലഭിച്ച പാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകും.