കണ്ണൂർ: കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ റെയിൽവേ വികസനം ചർച്ച ചെയ്യുന്നതിനായി എം.പിമാരുടെ യോഗം ഇന്ന് നടക്കും. കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചുവേളി - കാസർകോട് ഹൈസ്പീഡ് പാത ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിന്റെ പരിഗണനയ്ക്ക് വരും. രാവിലെ പത്തിന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ ദക്ഷിണ മേഖലാ ജനറൽമാനേജരുടെ ചുമതല വഹിക്കുന്ന ഐ.സി.എഫ് ജനറൽ മാനേജർ രാഹുൽ ജെയിൻ പങ്കെടുക്കും.

കേരളത്തിലെയും മംഗളൂരു, തിരുനെൽവേലി, കന്യാകുമാരി എന്നിവിടങ്ങളിലെയും എം.പിമാർ ഉൾപ്പെടെ 39 പേർക്കാണ് ക്ഷണം.

നേരത്തേ റെയിൽവേയുടെ അംഗീകാരം ലഭിച്ച കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ പദ്ധതികളായ കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറി, പെനിൻസുലാർ റെയിൽവേ സോൺ, ശബരിപാത, തിരുവനന്തപുരം - ചെങ്ങന്നൂർ സബർബൻ കോറിഡോർ തുടങ്ങിയവയൊക്കെ ചർച്ചയ്ക്ക് വരും.

എങ്ങുമെത്താതെ തലശേരി - മൈസൂരു പാത

പുതിയ പാതകൾക്ക് റെയിൽവേയുമായി ചേർന്ന് മുതൽമുടക്കാൻ സംസ്ഥാനം തയ്യാറായിട്ടുണ്ട്. തലശേരി - മൈസൂരു പാതയുടെ നടപടി വേഗത്തിലാക്കാൻ റെയിൽവേ ബോർഡ് ചെയർമാൻ കേരളത്തിലെത്തിയപ്പോൾ നിർദ്ദേശിച്ചിരുന്നു. ശബരി പാതയെ ബന്ധിപ്പിക്കുന്ന എരുമേലി - പുനലൂർ പാതയും പരിഗണിക്കാമെന്ന് ചെയർമാൻ ഉറപ്പുനൽകിയിരുന്നു. ശബരി പാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ - പാലാ ലൈൻ,​ ബാലരാമപുരം - വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത (10 കലോമീറ്റർ), എറണാകുളത്ത് റെയിൽവേ ടെർമിനസ് എന്നീ പദ്ധതികളും നടപ്പാക്കാമെന്ന് ഉറപ്പു ലഭിച്ചു. എന്നാൽ ഈ പദ്ധതികൾക്കും കൊച്ചുവേളി, നേമം ടെർമിനലുകളുടെ വികസനത്തിനും ആവശ്യമായ ഫണ്ട് ബഡ്ജറ്റിൽ അനുവദിച്ചിരുന്നില്ല.