
കാസർകോട്: സാധനങ്ങൾ വാങ്ങാൻ ബൈക്കിൽ കടയിലെത്തിയ യുവാവ് 78000 രൂപ മോഷ്ടിച്ച് സ്ഥലം വിട്ടു. വിദ്യാഗിരി ശാസ്താനഗറിലെ ശശിധരൻ നായരുടെ കടയിൽ നിന്നാണ് പണം കവർന്നത്. സാധനങ്ങൾ വാങ്ങിയ ശേഷം അരമണിക്കൂർ കടവരാന്തയിൽ ഇരുന്ന യുവാവ് പിന്നീട് സാധനങ്ങൾ കടയിൽ തന്നെ വെച്ച് ഇപ്പോൾ വരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി. അൽപസമയം കഴിഞ്ഞ് വീണ്ടും കടയിലെത്തിയ യുവാവ് ഒരു കിലോ സവാള വേണമെന്ന് ആവശ്യപ്പെട്ടു. സവാളയെടുക്കാൻ കടയുടമ അകത്തെ മുറിയിലേക്ക് പോയപ്പോൾ യുവാവ് മേശവലിപ്പിലുണ്ടായിരുന്ന 78000 രൂപയടങ്ങിയ ബാഗ് കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. ബഹളം വെച്ച് കടയുടമ പിറകെയോടിയെങ്കിലും ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ ശശിധരൻ നായരുടെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.