കാസർകോട്: മഞ്ചേശ്വരം കാരുണ്യമാതാ ദേവാലയത്തിനു നേരെ ആക്രമണമുണ്ടായി ഒരു മാസം തികയാറായിട്ടും പ്രതികൾ കാണാമറയത്ത്. ഇനിയും പ്രതികളെ പിടികൂടാനായില്ലെങ്കിൽ ജില്ലാ കളക്ടറുടെയും പൊലീസ് മേധാവിയുടെയും ഓഫീസിനു മുന്നിൽ സത്യാഗ്രഹസമരം നടത്തുമെന്ന് മംഗളൂരു രൂപത കത്തോലിക്ക സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡി.ജി.പിയുടെ ഉറപ്പ് ലഭിച്ചിട്ടും പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തിയിട്ടും അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 19 നാണ് ദേവാലയത്തിനുനേരെ ആക്രമണമുണ്ടായത്. സംഭവദിവസം സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ കുറ്റക്കാരെ അറസ്റ്റുചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയമായ അന്വേഷണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ ഒരു മാസം തികയാറായിട്ടും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയാണ്. ഇനിയും കുറ്റവാളികളെ പിടികൂടാതെ കേസ് തേച്ചുമായ്ച്ചു കളയാനാണ് ശ്രമമെങ്കിൽ നിരാഹാര സത്യാഗ്രഹം അടക്കമുള്ള സമരത്തിന് തുടക്കംകുറിക്കുമെന്ന് ഇവർ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മഞ്ചേശ്വരം കാരുണ്യമാതാ ദേവാലയ വികാരി ഫാ. വിൻസന്റ് വിനോദ് സൽദാന, ബേള വ്യാകുലമാതാ ദേവാലയ വികാരി ഫാ. ജോൺ വാസ്, പാവൂർ ദേവാലയ വികാരി ഫാ. വർഗീസ് ചക്കാല, മംഗളൂരു രൂപത കത്തോലിക്കാ സഭ അധ്യക്ഷൻ പോൾ റാൽഫി ഡികോസ്ത, ജില്ലാ പ്രസിഡന്റ് രാജു സ്റ്റീഫൻ ഡിസൂസ, ദേവാലയ കമ്മിറ്റി വൈസ് പ്രസിഡന്റ് ജീൻ ലവീണ തുടങ്ങിയവർ പങ്കെടുത്തു.