കണ്ണൂർ:കുടുംബ പ്രശ്നങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരികയാണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഇ.എം.രാധ പറഞ്ഞു.ഹയർസെക്കൻഡറി അദ്ധ്യാപകരായ ദമ്പതികളുടെ കുടുംബ പ്രശ്നം കമ്മിഷൻ അടുത്ത അദാലത്തിൽ വീണ്ടും പരിഗണിക്കും. വിവാഹ ബന്ധം വേർപെടുത്താൻ കമ്മിഷനെ സമീപിച്ച അദ്ധ്യാപക ദമ്പതികളുടെ കുടുംബത്തിൽ പരസ്പരമുള്ള സംശയമാണ് പ്രശ്നമുണ്ടാക്കിയത്.ഇവരെ അടുത്ത അദാലത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം വഴി പ്രശ്നം ,സ്വത്ത് തർക്കം എന്നിവയെല്ലാം വർദ്ധിച്ചു വരികയാണെന്ന് കമ്മിഷൻ വിലയിരുത്തി.മാതാപിതാക്കൾ മക്കളുടെ പേരിൽ സ്വത്ത് എഴുതിക്കൊടുക്കുകയും മക്കൾ അവരെ നോക്കാത്തതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കമ്മിഷന് മുന്നിൽ എത്തുന്നുണ്ടെന്നും രാധ പറഞ്ഞു.സ്ഥിരം ഇടപാടുകാരനെതിരെ തലശ്ശേരി യൂണിയൻ ബാങ്കിലെ ജീവനക്കാരി നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കമ്മിഷൻ കണ്ടെത്തി.ബാങ്ക് ജീവനക്കാരി ഇടപാടുകാരനോട് മോശമായി പെരുമാറുകയായിരുന്നുവെന്നും കമ്മിഷൻ പറഞ്ഞു. സ്തീകൾ ധാരാളമായി തട്ടിപ്പുകൾക്ക് ഇരയാകുന്നതായി കമ്മിഷൻ കണ്ടെത്തി. 30,000 രൂപ നൽകിയാൽ 21 ലക്ഷം രൂപ തിരിച്ചുകിട്ടുമെന്നൊക്കെയുള്ള തട്ടിപ്പുകളിൽ സ്ത്രീകൾ വീഴുകയാണ്. ഇത്തരത്തിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പറ്റിച്ച കേസ് കമ്മിഷന് മുന്നിൽ എത്തിയിട്ടുണ്ട്.
വിവാഹ പൂർവ കൗൺസലിംഗ് പ്രത്യേക മത വിഭാഗങ്ങളിൽ മാത്രമാണ് നടക്കുന്നതെന്നും ഈ രീതി മാറ്റി എല്ലാവർക്കും വിവാഹ പൂർവ കൗൺസിലിംഗ് നൽകണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് വനിതാ കമ്മിഷൻ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
ആകെ പരിഗണിച്ച കേസ്- 77 തീർപ്പാക്കിയത്-32 പൊലീസ് റിപ്പോർട്ടിന് അയച്ചത്-6 അടുത്ത അദാലത്തിലേക്ക്-39