balakrishnan

നീലേശ്വരം: സ്വന്തം വേഷത്തിൽ ചായ്യോത്തെ പി.വി. ബാലകൃഷ്ണന് അഭിമാനമുണ്ട്. വേഷം മുണ്ടായാൽപ്പോരാ, അത് പത്താം നമ്പ‌ർ കൈത്തറി മുണ്ടുതന്നെ വേണമെന്ന് നിർബന്ധം. വീട്ടിലായാലും പുറത്തായാലും വേഷത്തിൽ മാറ്റമില്ല. പത്താം നമ്പർ കൈത്തറിയും പാളത്തൊപ്പിയും. ഷർട്ടില്ല. കൃഷി ഓഫീസിലും വില്ലേജ് ഓഫീസിലും പോസ്റ്റ് ഓഫീസിലും ബാലകൃഷ്ണൻ കയറിയിറങ്ങുന്നത് ഇതേ വേഷത്തിൽ. നാട്ടുകാരുടെ കാഴ്ചയിൽ ബാലകൃഷ്ണൻ പണ്ടേതോ കാലത്തിന്റെ ഓർമ്മച്ചിത്രം പോലെ.

വയസ് 66 ആയി. ചെറുപ്പത്തിൽ കന്നുകാലികളെ മേയ്ക്കാൻ പോയിരുന്ന കാലത്ത് അച്ഛൻ അമ്പാടി വാങ്ങിക്കൊടുത്ത പത്താം നമ്പർ കൈത്തറി മുണ്ടുടുത്ത് ശീലമായി. അതു പിന്നെ മാറ്റണമെന്നു തോന്നിയില്ല. വേഷത്തിന്റെ ഭാഗമായ പാളത്തൊപ്പി ബാലകൃഷ്ണൻ തന്നെ കവുങ്ങിൻ പാള തുന്നി ഉണ്ടാക്കും. കൃഷി ആവശ്യങ്ങളും മറ്രുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ നാടൻ കർഷകന്റെ വേഷത്തിന് പ്രത്യേക പരിഗണന കിട്ടുന്നുണ്ടെന്നാണ് ബാലകൃഷ്ണൻ പറയുന്നത്. അതുകൊണ്ട് പഴഞ്ചനെന്ന് പുതുമക്കാർ പറയുമ്പോഴും ബാലകൃഷ്ണന് അഭിമാനമേയുള്ളൂ.

പത്താംനമ്പർ മുണ്ട് കൈത്തറിക്കടയിൽ കിട്ടും. ഒന്നേ മുക്കാൽ മീറ്റർ നീളവും 80 സെ. മീറ്റർ വീതിയും. ചുട്ടി കര മാത്രമേ ഉണ്ടാകൂ. കുളിച്ചു തോർത്തുമ്പോൾ വെള്ളം വേഗത്തിൽ വലിയും. ഉടുക്കാനായാലും ഊരി അലക്കാനായാലും എളുപ്പം. ഒരിക്കൽ ഉപയോഗിച്ചാൽ ഒഴിവാക്കാൻ തോന്നില്ലെന്നാണ് പത്താം നമ്പരിന് ബാലകൃഷ്ണൻ പറയുന്ന 'പരസ്യവാചകം.'

നാട്ടിലെല്ലാം വൈദ്യുതി എത്തിയിട്ടും ബാലകൃഷ്ണന്റെ വീട് ഇപ്പോഴും മണ്ണെണ്ണ വെളിച്ചത്തിലാണ്. സൗജന്യമായി വൈദ്യുതി കണക്‌ഷൻ നൽകാമെന്ന് പഞ്ചായത്ത് ഓഫീസുകാർ പറഞ്ഞുനോക്കി. പക്ഷേ,​ ആ 'പ്രലോഭനത്തിൽ' ബാലകൃഷ്ണൻ വീണില്ല. പത്താം നമ്പർ മുണ്ടുപോലെ,​ വീട്ടിൽ മണ്ണെണ്ണ വിളക്കും ബാലകൃഷ്ണന് നിർബന്ധം. ഒരു മകനുണ്ടായിരുന്നത് ചെറുപ്പത്തിലേ മരിച്ചു. മകൾ അനിലയെ കല്യാണം കഴിപ്പിച്ചു. വീട്ടിൽ ബാലകൃഷ്ണനും ഭാര്യ ജാനകിയും മാത്രം.